സ്റ്റേഷന്‍ മാസ്റ്റര്‍ തച്ചങ്കരി ഹാജര്‍
തിരുവനന്തപുരം: രാവിലെ എട്ടുമണിക്ക് അരക്കയ്യന്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ഐ.ഡി കാര്‍ഡും ധരിച്ച് ഒരാള്‍ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയിലിരുന്നു. മറ്റാരുമല്ല, കണ്ടക്ടറുടെയും, മെക്കാനിക്കിന്റെയും കുപ്പായമണിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ കെ.എസ്.ആര്‍.ടി.സി എം.ഡി എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി തന്നെ.
രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടി ഏറ്റെടുത്തത്. ഇന്നലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടിയുണ്ടായിരുന്ന സന്തോഷ് രാവിലെ ഡ്യൂട്ടിക്കെത്തിയെങ്കിലും മാനേജിങ് ഡയറക്ടര്‍ സ്റ്റേഷന്‍ മാസ്റ്ററാകാനെത്തിയതോടെ സന്തോഷ് സഹായിയായി. ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പുവച്ചശേഷം ഹാജര്‍ബുക്ക് പരിശോധിച്ച തച്ചങ്കരി ജീവനക്കാരുടെ അവധിയും അപേക്ഷകളും പരിശോധിച്ചു. ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട സര്‍വിസുകളുടെ ഓപ്പറേഷനായിരുന്നു അടുത്ത പണി. സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയവ ഒഴികെ ദീര്‍ഘദൂര സര്‍വിസുകളുള്‍പ്പെടെ ഷെഡ്യൂളുകളെല്ലാം കൃത്യസമയത്ത് തന്നെ ഓപ്പറേറ്റ് ചെയ്തു. ജീവനക്കാരുടെ പരാതികള്‍ക്കും ചെവികൊടുത്ത് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളുകളുടെ ലാഭ നഷ്ടങ്ങളും പോരായ്മകളും വിലയിരുത്തിയ തച്ചങ്കരി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുള്‍പ്പെടെ ജീവനക്കാരുമായി ചര്‍ച്ച ചെയ്തു.
സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ തച്ചങ്കരിയെ കണ്ട യാത്രക്കാരില്‍ ചിലര്‍ ബസ് സര്‍വിസുകളെപ്പറ്റിയുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്തി. പരിഹരിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയ എം.ഡി സര്‍വിസുകള്‍ മെച്ചപ്പെടുത്താനുള്ള നടപടികളെപ്പറ്റിയും കൂടിയാലോചിച്ചു. നാലുമണിവരെ അതേ കസേരയില്‍ തുടര്‍ന്ന തച്ചങ്കരി ഇടയ്ക്ക് സ്റ്റേഷന്‍ കെട്ടിടം ചുറ്റിക്കണ്ടു. കോടികള്‍ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിലെ മുറികള്‍
വാടകയ്‌ക്കെടുത്തവരുമായും എം.ഡി കൂടിക്കാഴ്ച നടത്തി. എന്‍ക്വയറി കൗണ്ടറിന് സമീപമുള്ള ഓഫിസില്‍ തച്ചങ്കരിയെ തിരിച്ചറിഞ്ഞ ചിലര്‍ അപ്പോള്‍തന്നെ ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.
കണ്ടക്ടറായും മെക്കാനിക്കായും മുന്‍പ് പ്രത്യക്ഷപ്പെട്ട തച്ചങ്കരി പുതിയ പോസ്റ്റുകളും ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."