ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ നിന്നും ജീവനക്കാരെ തേടുന്നു
ദോഹ: ഇന്ത്യയില്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്ന നിര്‍ദ്ദിഷ്ട എയര്‍ലൈന്‍ കമ്പനിയിലേക്ക് ജീവനക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയിലെ ജോബ് റിക്രൂട്ടിങ് കമ്പനിയെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഷേര്‍സിനു പുറമേ നിലവിലുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളിലെ പ്രൊഫഷനലുകളെയും ജീവനക്കാരായി തേടുന്നുണ്ട്.
ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി സഹകരിച്ച് ഇന്ത്യയില്‍ പുതിയ വിമാന കമ്പനി തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി കഴിഞ്ഞ മാസം ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ബാക്കിര്‍ അറിയിച്ചിരുന്നു.
അനുയോജ്യരായ പ്രൊഫഷനലുകളെ കണ്ടെത്താന്‍ കമ്പനിയെ നിയോഗിച്ച കാര്യം ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായാണ് പിടിഐ റിപോര്‍ട്ടില്‍ പറയുന്നത്. നിലവിലുള്ള കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് പുതിയ കമ്പനിയിലേക്ക് ക്ഷണിച്ചതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍, ഖത്തര്‍ എയര്‍വെയ്‌സ് വക്താവ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ പുതുതായി എന്തെങ്കിലുമുണ്ടായാല്‍ അപ്പോള്‍ അറിയിക്കുമെന്ന് വക്താവ് ഇമെയിലില്‍ മറുപടി നല്‍കിയതായി പിടിഐ വ്യക്തമാക്കി.
വിദേശ വിമാന കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അവസരമൊരുക്കി ഇന്ത്യന്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ കമ്പനി രൂപീകരിക്കുമെന്ന കാര്യം മാര്‍ച്ച് 8ന് അകബര്‍ അല്‍ബാക്കിര്‍ ബര്‍ലിനില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, തങ്ങളുടെ പദ്ധതിയുമായി ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യാ ഗവണ്‍മെന്റിനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."