ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ പൊതുസഭ
ന്യൂയോര്‍ക്ക്: ഗസ്സയില്‍ പ്രതിഷേധം നടത്തുന്ന ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരേ യു.എന്‍ പൊതുസഭ പ്രമേയം പാസാക്കി. സാധാരണക്കാരായ ഫലസ്തീനികള്‍ക്കെതിരേയുള്ള ഇസ്‌റാഈലിന്റെ സായുധാക്രമണത്തെ പൊതുസഭ പ്രമേയത്തിലൂടെ അപലപിച്ചു. 120 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 45 അംഗങ്ങള്‍ വിട്ടുനിന്നു. ആസ്‌ത്രേലിയ, മാര്‍ഷല്‍ അയര്‍ലന്‍ഡ്, മിക്രോമിസ്യാ, നവ്‌റു, സോളമന്‍ അയര്‍ലന്‍ഡ്, ടോഗോ, ഇസ്‌റാഈല്‍, യു.എസ് എന്നീ രാഷ്ട്രങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. അള്‍ജീരിയ, തുര്‍ക്കി, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.
നേരത്തെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയില്‍ കുവൈത്ത് കൊണ്ടുവന്ന പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.
അതിനിടെ ഗസ്സ സംഘര്‍ഷത്തില്‍ ഹമാസിന് പങ്കുണ്ടെന്നും അതിനാല്‍ അവരെ കുറ്റപ്പെടുത്തണമെന്നുള്ള യു.എസ് ആവശ്യത്തെ യു.എന്‍ പൊതുസഭ തള്ളി. ക്രമാതീതവും അവിവേകവുമായ സൈനിക നടപടികളാണ് ഫലസ്തീനികള്‍ക്കെതിരേ ഇസ്‌റാഈല്‍ നടത്തുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്.
പെതുസഭയിലെ പ്രമേയത്തിലൂടെ നിയമപരമായ നേട്ടമൊന്നും ലഭിക്കില്ലെങ്കിലും രാഷ്ട്രീയപരമായ മുന്‍തൂക്കം ലഭിക്കും. തങ്ങളുടെ ജനതക്ക് സംരക്ഷണം ആവശ്യമാണെന്ന് ഫലസ്തീന്‍ അംബാസഡര്‍ റായദ് മന്‍സൂര്‍ പ്രമേയ വോട്ടെടുപ്പിന് മുന്‍പ് പൊതുസഭയില്‍ ആവശ്യപ്പെട്ടു.
നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തങ്ങള്‍ക്കെതിരേയുള്ള മനുഷ്യത്വ രഹിതവും മനപ്പൂര്‍വവുമുള്ള കുറ്റകൃത്യങ്ങളോട് മൗനം പാലിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ ഭൂരിഭാഗവും സായുധ ധാരികളായിരുന്നുവെന്നും സൈന്യം സ്വയം പ്രതിരോധമാണ് നടത്തിയതെന്നും ഇസ്‌റാഈല്‍ പറഞ്ഞു. ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യു.എസ് പറഞ്ഞു.
അതിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റ ഫലസ്തീന്‍ യുവാവ് ഇന്നലെ മരിച്ചു. ജൂണ്‍ എട്ടിന് ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പില്‍ പരുക്കേറ്റ അഹമ്മദ് സിയാദ് അല്‍ അസ്സി(21)യാണ് ഇന്നലെ രാവിലെ മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഗസ്സ അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തിനിടെ അഹമ്മദ് സിയാദ് അല്‍ അസ്സിക്ക് തലക്കാണ് വെടിയേറ്റത്. നക്ബ ദിനത്തോടനുബന്ധിച്ച് ഗസ്സയില്‍ മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച പ്രതിഷേധത്തിനിടെ ഇതുവരെ 129 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കയതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."