വരള്‍ച്ച: കമുങ്ങിന്‍ തോട്ടങ്ങളും വാഴത്തോട്ടങ്ങളും ഉണങ്ങുന്നു
ആനക്കര: കടുത്ത വരള്‍ച്ചയില്‍ കമുങ്ങിന്‍ തോട്ടങ്ങളും വാഴത്തോട്ടങ്ങളും ഉണങ്ങുന്നു. ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിലാണ് വരള്‍ച്ച മൂലം തോട്ടങ്ങള്‍ ഉണങ്ങുന്നത്. കിണറുകളും കുളങ്ങളും വറ്റിയതോടെ ഇവയുടെ നന മുടങ്ങിയിരുന്നു. ഇതാണ് ഉണക്കത്തിന് കാരണമാകുന്നത്. കുല വന്ന നേന്ത്രവാഴതോട്ടങ്ങളും കമുങ്ങ്, വെറ്റില, കുരുമുളക് വള്ളികള്‍ എന്നിവയും ഇതോടൊപ്പം ഉണങ്ങുന്നുണ്ട്. ആനക്കര ചിരട്ടക്കുന്ന് കാരട്ടപറമ്പില്‍ ഗോവിന്ദന്റെ കമുങ്ങിന്‍ തോട്ടത്തിലെ വ്യാപകമായ കൃഷി നാശമുണ്ടായി. ഈ തോട്ടത്തില്‍ കമുങ്ങിനോടൊപ്പം കൃഷി ചെയ്ത കുരുമുളകും ഉണങ്ങി.
ചേക്കോട് ചാത്തയില്‍ ശശിയുടെ നേന്ത്രവാഴകളും നനക്കാന്‍ കഴിയാത്തതിനാല്‍ ഉണങ്ങുകയും കുലവന്ന വാഴകള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തിട്ടുണ്ട്. ഇവിടേക്ക് വെള്ളം ലഭിച്ചിരുന്ന കുളങ്ങള്‍ വറ്റി വരണ്ടതാണ് നനമുടങ്ങാന്‍ കാരണമായത്. പഞ്ചായത്തില്‍ തൊഴിലുറപ്പില്‍ കുളം നന്നാക്കി തരാന്‍ ആവശ്യപ്പെട്ടിട്ടും കപ്പൂര്‍ പഞ്ചായത്ത് അധികൃതരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. രണ്ടാം വാര്‍ഡില്‍പ്പെട്ട ഈ മേഖലയില്‍ കടുത്ത വരള്‍ച്ച മൂലം നിരവധിതോട്ടങ്ങള്‍ ഉണങ്ങി കഴിഞ്ഞു.
വേനല്‍ക്കാലത്ത് എല്ലാ പഞ്ചായത്തുകളിലും പൊതുകുളങ്ങളും കിണറുകളും സ്വകാര്യ കുളങ്ങളും മറ്റ് ജലാശയങ്ങളും തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെടുത്തി ചളി നീക്കി ഉപയോഗ പ്രഥമാക്കുമ്പോള്‍ ഈ പഞ്ചായത്തില്‍ വേനല്‍ക്കാലത്ത് റോഡ് നിര്‍മാണം, റോഡ് കോണ്‍ഗ്രീറ്റ് ചെയ്യല്‍ ഉള്‍പ്പെടെയുളള പണികളാണ് തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് ചെയ്യിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."