മൊറോക്കോ-ഇറാന്‍; തുല്യശക്തികളുടെ പോരാട്ടം
മോസ്‌കോ: ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ന് രാത്രി 8.30 കളത്തിലിറങ്ങുന്ന ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയുടെയും ഏഷ്യന്‍ കരുത്തരായ ഇറാന്റെയും മത്സരം പ്രവചനാതീതം. തുല്യ ശക്തികളുടെ പോരാട്ടമായതിനാല്‍ എന്തും സംഭവിക്കാം.
43 ശതമാനം വിജയസാധ്യതയാണ് മൊറോക്കോക്ക് കണക്കാക്കുന്നത്. 25 ശതമാനം സാധ്യത ഇറാനും കണക്കാക്കുന്നുണ്ട്. 32 ശതമാനം കളി സമനിലയില്‍ കലാശിക്കുമെന്ന വിലയിരുത്തലിലാണുള്ളത്. കണക്കുകളില്‍ കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും ഇരു വന്‍കരകളിലെയും മികച്ച ടീമുകളാണ് ഏറ്റുമുട്ടുന്നതെന്നതിനാല്‍ കടുത്ത പോരാട്ടം തന്നെ കാണേണ്ടി വരും.
എന്നാലും കണക്കിലെ കളികള്‍ നിരത്തി നോക്കിയാല്‍ മൊറോക്കോക്കാണ് സാധ്യതകള്‍ കൂടുതലുള്ളത്. ഇരു ടീമുകളുടെയും സാധ്യതകള്‍ ഇങ്ങനെ. ലോകകപ്പ് ഫുട്‌ബോളില്‍ അഞ്ച് തവണ മാറ്റുരച്ച ടീം. ഇന്നത്തേത് കൂടി ചേര്‍ത്താല്‍ ആറാം തവണയാണ് മൊറോക്കോ ലോകകപ്പിന്റെ അങ്കത്തട്ടിലേക്കെത്തുന്നത്. 1986 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതായിരുന്നു മൊറോക്കോയുടെ ലോകകപ്പിലെ മികച്ച നേട്ടം. അക്രമത്തേക്കാളുപരി പ്രതിരോധിച്ച് നില്‍ക്കുന്നതിലാണ് ടീമിന്റെ കരുത്ത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒറ്റ ഗോളും വഴങ്ങാതെയാണ് മൊറോക്കോ റഷ്യയിലെത്തിയിട്ടുള്ളത്. ഇത് മൊറോക്കോയുടെ പ്രതിരോധത്തിന്റെ കരുത്തറിയിക്കുന്നു. പ്ലേ മേക്കറുടെ റോളില്‍ കളിക്കുന്ന താരമായ ഹക്കീം സിയെച്ചിലാണ് മൊറോക്കോയുടെ പ്രതീക്ഷ മുഴുവനും.
ഡച്ച് ലീഗില്‍ അജാക്‌സിനു വേണ്ടി കളിക്കുന്ന താരം അവസാന സീസണില്‍ 21 അസിസ്റ്റുമായി ഡച്ച് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുള്ള താരമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചായിരുന്ന കാര്‍ലോസ് ക്വിറോസ്, മുന്‍ കാംബ്രിഡ്ജ് യുനൈറ്റഡ് കോച്ചായിരുന്ന ഹെര്‍വി റെനര്‍ഡ് എന്നിവര്‍ ടീം മികച്ച റിസല്‍ട്ടുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല എന്ന് വിശ്വസിക്കുന്നവരാണ്. സ്‌പെയിനും പോര്‍ച്ചുഗലും ഞങ്ങളുടെ ഗ്രൂപ്പിലായതിന് പേടിയൊന്നുമില്ലെന്നും കോച്ച് പ്രതികരിച്ചു. മൊറോക്കോ സൂപ്പര്‍ താരം നബീല്‍ ദിറാര്‍ ടീമില്‍ തിരിച്ചെത്തിയത് ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്തായിരുന്ന താരം മൊറോക്കോയുടെ അവസാനത്തെ രണ്ട് സൗഹൃദ മത്സരങ്ങളിലും കളിച്ചിരുന്നില്ല. അതേസമയം, എ.എഫ്.സി കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒമ്പത് ക്ലീന്‍ ചിറ്റുമായിട്ടാണ് ഇറാനെത്തുന്നത്.
യോഗ്യതാ മത്സരത്തിലും എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തിലും ഇറാന്‍ പുറത്തെടുത്ത പ്രകടനം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. അല്‍കമാര്‍ ക്ലബിന് വേണ്ടി അവസാന സീസണില്‍ 21 ഗോള്‍ നേടിയ അലിറേസയിലാണ് ഇറാന്റെ മുഴുവന്‍ പ്രതീക്ഷകളും.
ബോക്‌സിലേക്ക് പന്തെത്തിയാല്‍ അര്‍ധ അവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിവുള്ള താരമാണ് അലിറേസ. ഇരു ടീമുകളും തുല്യ ശക്തികളായതിനാല്‍ ഇന്ന് മികച്ചൊരു പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."