HOME
DETAILS
MAL
നാടണയാന്‍ തുര്‍ക്കിയില്‍ മലയാളികള്‍ അടക്കമുള്ളവരുടെ കാത്തിരിപ്പ്
backup
April 27 2020 | 02:04 AM
ഇസ്താംബൂള്‍: ആഫ്രിക്കയിലേക്ക് പോകവെ തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ നാടണയാനായി കാത്തിരിക്കുന്നു. കൊല്ലം സ്വദേശികളായ മിഹ്റാജ്, ഷാനവാസ് എന്നിവരുള്‍പ്പെടെയുള്ളവരാണ് തുര്‍ക്കിയില്‍ അകപ്പെട്ടത്. ഇവരടക്കം 140 ഇന്ത്യക്കാര്‍ യാത്രക്കിടെ തുര്‍ക്കിയിലെ വിവിധ വിമാനത്താവളങ്ങളില്‍ അകപ്പെട്ടതായാണ് കണക്ക്. നാട്ടിലേക്ക് തിരികെയെത്താനുള്ള സൗകര്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ മാസം 19 ന് ഒമാനില്‍ നിന്നാണ് ഇവര്‍ ഇവിടെയെത്തിയത്. ടര്‍ക്കിഷ് വിമാനത്തില്‍ ആഫ്രിക്കയിലെ ഗാംബിയയിലേക്ക് പോകാനായിരുന്നു പദ്ധതി. തുര്‍ക്കി വിമാനസര്‍വിസുകള്‍ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവര്‍ക്ക് താമസം ഒരുക്കാന്‍ തുര്‍ക്കി തയാറായില്ലെന്നും പരാതിയുണ്ട്. പത്തു ദിവസം ഇവര്‍ എയര്‍പോര്‍ട്ടിലെ വിശ്രമമുറിയിലും മറ്റുമായി കഴിച്ചുകൂട്ടി.
ഹോട്ടലുകള്‍ അടച്ചുപൂട്ടിയതും തുര്‍ക്കി ഭാഷ വശമില്ലാത്തതും കാരണം ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. പത്ത് ദിവസത്തിന് ശേഷം തുര്‍ക്കി സര്‍ക്കാര്‍ ഇവരെ ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ക്വാറന്റൈന് കാലാവധി കഴിഞ്ഞ ഇവര്‍ക്ക് തുര്‍ക്കിയിലെ കെ.എം.സി.സി പ്രവര്‍ത്തകരാണ് സഹായം ചെയ്യുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ എംബസിയുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വേണ്ടി കൊവിഡ് സഹായ ഡെസ്ക് രൂപീകരിച്ചതായും മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്നും തുര്‍ക്കി കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ഹുസൈന് പറഞ്ഞു. ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളുമായി 60 ഓളം മലയാളികള്‍ ഉള്‍പ്പെടെ 1400 ഇന്ത്യക്കാരും നിലവില്‍ തുര്‍ക്കിയിലുണ്ട്. സര്‍വകലാശാലകള്‍ അവധിയായതിനാല്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളും യാത്രാനുമതി തേടി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."