പ്രളയ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മാര്‍ച്ച് 31നകം ധനസഹായം: മന്ത്രി
തൃശൂര്‍: പ്രളയത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ധനഹായം മാര്‍ച്ച് 31 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പ്രളയാനന്തര സഹായം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. അപ്പീലുകള്‍ പരിഗണിച്ച ശേഷം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വീടുകളുടെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കും. പ്രളയത്തില്‍ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം വലുതാണ്.
ഇതില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. പ്രളയ ദുരന്ത നിവാരണത്തില്‍ ലോകത്തിന് മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞു. വീടുകള്‍ നിര്‍മ്മിക്കല്‍ ഉള്‍പ്പടെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സഹകരണ മേഖല പ്രളയകാലത്തും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
പ്രളയകാലത്ത് ഗ്രാമീണ മേഖലയിലും മറ്റും ദുരിതാശ്വാസം എത്തിക്കുന്നതില്‍ സഹകരണ മേഖല വലിയ ഇടപെടലാണ് നടത്തിയത്. സംസ്ഥാനത്ത് പ്രളയബാധിതര്‍ക്ക് രണ്ടായിരത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയെന്ന വലിയ ദൗത്യത്തിലാണ് മേഖലയെന്നും ഇതില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.എന്‍. ജയദേവന് എം.പി. അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."