ജര്‍മനിയും ബ്രസീലും ഇന്നിറങ്ങും
മോസ്‌കോ: ലോക ഫുട്‌ബോളിലെ അതികായന്‍മാരായ ജര്‍മനിയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് എഫിലേയും ഗ്രൂപ്പ് ഇയിലേയും മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇ ഗ്രൂപ്പിലെ കോസ്റ്റ റിക്കയും സെര്‍ബിയയും തമ്മില്‍ ഏറ്റുമുട്ടും. താരതമ്യേന ശക്തി കുറഞ്ഞ ഗ്രൂപ്പായ ഇ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് വേണ്ടിയായിരിക്കും മത്സരം നടക്കുക. ശക്തരായ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളാവാന്‍ വെല്ലുവിളികളൊന്നും നേരിടേണ്ടി വരില്ലെന്നാണ് വിലയിരുത്തലുകള്‍. എന്തായാലും കോസ്റ്റ റിക്കയും സെര്‍ബിയയും തമ്മിലുള്ള മത്സരം മികച്ചതാവുമെന്നതില്‍ സംശയമില്ല.
ബ്രസീലുമായി ഏറ്റുമുട്ടി ജയിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുള്ള ടീമുകളോട് കളിച്ച് വിജയം കൊയ്യാനാകും കോസ്റ്റ റിക്കയും സെര്‍ബിയയും സ്വിറ്റ്‌സര്‍ലന്റും ശ്രമിക്കുക. മത്സരത്തില്‍ കൂടുതല്‍ സാധ്യതകള്‍ സെര്‍ബിയക്കാണെങ്കിലും സമനിലയുടെ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ ഫുട്‌ബോളിന് പേരുകേട്ട കോസ്റ്റ റിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കണമെങ്കില്‍ സെര്‍ബിയക്ക് വിയര്‍ക്കേണ്ടി വരും. കാരണം 5-3-2 ശൈലിയാണ് കോസ്റ്റ റിക്ക തയാറാക്കിയിട്ടുള്ളത്.
പ്രതിരോധ മതില്‍ തീര്‍ക്കാനാണ് ഇത്തരമൊരു നീക്കം കോച്ച് നടത്തിയിട്ടുള്ളത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ കിലിയര്‍ നവാസാണ് കോസ്റ്റ റിക്കയുടെ ഗോള്‍ മുഖം കാക്കുന്നത്. നവാസിന്റെ സാന്നിധ്യം തന്നെയാണ് കോസ്റ്റ റിക്കയുടെ കരുത്ത്. സെര്‍ബിയന്‍ കോച്ച് ലാഡന്‍ ക്രിസ്റ്റജിക്കും മികച്ച താരങ്ങളെയാണ് ആദ്യ അങ്കത്തിനായി ഒരുക്കിയിട്ടുള്ളത്.
യൂറോ കപ്പിന് ശേഷം വിരമിച്ച രണ്ട് താരങ്ങളെ ടീമില്‍ തിരിച്ചെത്തിച്ചാണ് ടീമിനെ കരുത്തുറ്റതാക്കിയിട്ടുള്ളത്. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലാണ് മെക്‌സിക്കോയും ജര്‍മനിയും തമ്മില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പില്‍ ജര്‍മനിക്കും കാര്യമായ എതിരാളികളെന്നുമില്ലെങ്കിലും സ്വീഡനുമായുള്ള മത്സരത്തില്‍ ജര്‍മനി കരുതിയിരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ഇന്നത്തെ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ മെക്‌സിക്കന്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞാല്‍ ജര്‍മന്‍ തന്ത്രങ്ങള്‍ക്ക് വിജയം കാണാനാകും. മെക്‌സിക്കന്‍ തിരമാലകളെ തടുക്കാനുള്ള എല്ലാ മുന്‍കരുതലുകളും ജാക്വിം ലോയുടെ പട്ടാളം എടുത്തിട്ടുണ്ട്.
ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്റും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നെയ്മറുടെ സാന്നിധ്യം തന്നെയാണ് ബ്രസീലിന്റെ കരുത്ത്. ലോകകപ്പിന് മുമ്പ് നടന്ന സൗഹൃദ മത്സരങ്ങളില്‍ ഗോള്‍ നേടി തിരിച്ചുവരവ് അറിയിച്ചാണ് നെയ്മര്‍ തന്റെ രണ്ടാം ലോകകപ്പിന് ഇറങ്ങുന്നത്. വിജയ സാധ്യതകള്‍ ബ്രസീലിനാണെങ്കിലും സ്വിറ്റ്‌സര്‍ലന്റ് പൊരുതുമെന്നുറപ്പാണ്. കാരണം നഷ്ടപ്പെടാനൊന്നുമില്ലാത്ത സ്വിറ്റ്‌സര്‍ലന്റിന് മാനസിക മുന്‍തൂക്കം കൂടുതലായിരിക്കും.
ആദ്യമേ ഗോള്‍ നേടി ബ്രസീല്‍ ടീമിനെ സമ്മര്‍ദത്തിലാക്കുന്ന തന്ത്രവും സ്വിറ്റ്‌സര്‍ലന്റ് പയറ്റിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."