യുസുഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സൂചന
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് മേഖലയിലെ ഭീകര താവളങ്ങള്‍ക്കുനേരെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യുസുഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സൂചന.
ബാലാകോട്ടിലെ ജെയ്‌ഷെയുടെ പ്രധാന ഭീകര താവളത്തിനുനേരെ വ്യോമസേനയുടെ മിറാഷ് -2000 ജെറ്റ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
1999ല്‍ എയര്‍ ഇന്ത്യ വിമാനം കാണ്ഡഹാറിലേക്ക് തട്ടിയെടുത്ത ഭീകരസംഘത്തിന്റെ തലവനായിരുന്ന യുസുഫ് അസ്ഹറിനായിരുന്നു ബാലാകോട്ടിലെ ഭീകര താവളത്തിന്റെ ഉത്തരവാദിത്തം.
ഭീകരര്‍ക്കിടയില്‍ ഇയാളെ ഉസ്താത് ഗൗരി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സി.ബി.ഐയുടെ ശുപാര്‍ശയെ തുടര്‍ന്ന് 2000ല്‍ ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് ഇയാളടക്കം 20 ഭീകരരെ പിടികിട്ടാപ്പുള്ളികളാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പട്ടിക പാകിസ്താന് ഇന്ത്യ കൈമാറുകയും ചെയ്തിരുന്നു. ബാലാകോട്ടിനു പുറമെ ചാകോതി, മുസഫാറാബാദ് എന്നിവിടങ്ങളിലും വ്യോമസേന മിന്നലാക്രമണം നടത്തിയിരുന്നു. ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര താവളത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിനു ശേഷം ഇന്നലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് യൂസുഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായ വിവരം അറിയിച്ചത്. അതേസമയം ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ഇതുവരെ ജെയ്‌ഷെ മുഹമ്മദോ പാകിസ്താനോ സ്ഥിരീകരിച്ചിട്ടില്ല.
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകള്‍ സംയുക്തമായാണ് പരിശീലന ക്യാംപുകള്‍ നടത്തിയിരുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ ബാലാകോട്ടിലെ ഭീകരതാവളത്തിലുണ്ടായിരുന്ന പരിശീലകര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം വ്യോമസേനയില്‍നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും വിജയ് ഗോഖലെ പറഞ്ഞു. സാധാരണക്കാര്‍ക്കു പരുക്കേല്‍ക്കാതെ കഴിയുന്നത്ര ശ്രദ്ധയോടെയാണ് ഭീകര താവളങ്ങള്‍ക്കുനേരെ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഗോഖലെ വ്യക്തമാക്കി.
സാധാരണക്കാര്‍ തിങ്ങിത്താമസിക്കാത്ത ഇടതൂര്‍ന്ന വനത്തിലെ കുന്നിന്‍ മുകളിലാണ് ബാലാകോട്ടിലെ ഭീകര താവളമെന്നതുകൊണ്ട് ഇതിനെതിരേ ശക്തമായ ആക്രമണമാണ് നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."