വരുമാനമില്ലെങ്കിലും ധൂര്‍ത്തിന് കുറവില്ല
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ സെക്രട്ടറിയേറ്റില്‍ എ.സി സ്ഥാപിക്കാനായി കഴിഞ്ഞമാസം ചെലവിട്ടത് 48,79,000 രൂപ. ടെന്‍ഡറുകളില്ലാതെ എ.സികള്‍ സ്ഥാപിച്ചതിനുശേഷം കൊല്ലം കേന്ദ്രമായുള്ള മാക്സല്‍ എന്ന സ്ഥാപനത്തിന് പണം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
അതിനിടെ, രാജ്ഭവനിലെ ദൈനംദിന കാറ്ററിങ്ങിനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ടവ്വല്‍ വാങ്ങുന്നതിന് 75,000 രൂപ സര്‍ക്കാര്‍ അനുവദിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വരുമാനവുമില്ലെങ്കിലും സര്‍ക്കാര്‍തലത്തിലുള്ള ധൂര്‍ത്ത് തുടരുകയാണ്.
എ.സി സ്ഥാപിച്ചതിന് പണം അനുവദിച്ചുകൊണ്ട് കഴിഞ്ഞമാസം രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ക്യാബിനില്‍ എ.സി സ്ഥാപിക്കാന്‍ 1,13,000 രൂപ ചെലവായി. സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസിലേക്ക് 49,359 രൂപ, പൊതുഭരണ വകുപ്പ് പ്രവര്‍ത്തിക്കുന്ന മുറിക്കായി 72,100 രൂപ, ആഭ്യന്തര വകുപ്പിന്റെ മുറിയിലേക്ക് 99,000 രൂപ, ഗതാഗത, മത്സ്യബന്ധന, റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലേക്ക് 69,000 രൂപ, പൊതുഭരണവകുപ്പിന്റെ റെക്കോഡ്സ് വിഭാഗത്തിലേക്ക് 77,000 രൂപ എന്നിങ്ങനെയാണ് എ.സി സ്ഥാപിക്കാന്‍ പണം ചെലവഴിച്ചത്.
സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ താഴെയുള്ള നിലയില്‍ എ.സി സ്ഥാപിക്കുന്നതിന് 5,10,000 രൂപയുടെ ഭരണാനുമതിയും കഴിഞ്ഞദിവസം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."