പാക് വിമാനങ്ങളുടെ അതിര്‍ത്തിലംഘനം: പ്രധാനമന്ത്രി സുരക്ഷ വിലയിരുത്തി
ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിവിധ പരിപാടികള്‍ വെട്ടിച്ചുരുക്കി സുരക്ഷ സംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു.
പാക് സൈന്യം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായ വാര്‍ത്ത പുറത്തുവരുമ്പോള്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ യുവജനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ പരിപാടി പെട്ടെന്ന് നിര്‍ത്തി പ്രധാനമന്ത്രി ഇവിടെനിന്ന് മടങ്ങുകയായിരുന്നു.
പ്രധാനമന്ത്രി വരുന്നതിന് മുന്‍പുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭ, രഹസ്യാന്വേഷണ വിഭാഗം ഡയരക്ടര്‍ രാജിവ് ജെയിന്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി. കലാപസാധ്യതയും ആക്രമണ സാധ്യതയും ഉണ്ടാകുമെന്ന് കണക്കാക്കുന്ന മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ചും വിലയിരുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പ്രധാനമന്ത്രികൂടി പങ്കെടുത്തുകൊണ്ട് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."