പെരുന്നാള്‍ ദിനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു
വടക്കാഞ്ചേരി: ഈദുല്‍ ഫിത്തര്‍ ദിനമായ ഇന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന സര്‍ക്കുലര്‍ അവസാന നിമിഷം ഫെഡ് അധികൃതര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ ഇറക്കിയ സര്‍ക്കുലര്‍ സുപ്രഭാതം പുറത്ത് വിടുകയും മുന്‍പെങ്ങുമില്ലാത്ത കണ്‍സ്യൂമര്‍ ഫെഡ് നടപടി വലിയ പ്രതിഷേധത്തിന് വഴി വെക്കുകയും ചെയ്തിരുന്നു.
റംദാനോടനുബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡ് നന്മ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഗാ വില്‍പനശാലകള്‍ എന്നിവയിലൂടെ നല്‍കി വരുന്ന സബ്‌സിഡി വില്‍പനയുടെ പേരിലാണ് പെരുന്നാള്‍ ദിനത്തിലും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രത്യേക സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് റീജ്യണല്‍ ഓഫിസുകള്‍ വഴി താഴെ തട്ടിലുള്ള ഓഫിസുകളിലും, ഷോറൂമുകളിലും ഈ മെയില്‍ മുഖേന എത്തിച്ചത്. നേരത്തെ ജൂണ്‍ 26 മുതല്‍ ജൂലായ് 5 വരെയാണ് സബ്‌സിഡി വില്‍പന നടത്താന്‍ തീരുമാനമെടുത്തിരുന്നത്.
ഇത് പ്രത്യേക ഉത്തരവിലൂടെ ജൂണ്‍ ആറിലേക്ക് നീട്ടുകയായിരുന്നു. ഈ സര്‍ക്കുലറും പിന്‍വലിച്ചു. ഇതോടെ സബ്‌സിഡി വില്‍പന ഇന്നലെ അവസാനിക്കുകയും ചെയ്തു. പെരുന്നാള്‍ ആഘോഷിക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധി അനുവദിച്ച് നല്‍കാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
ജോലിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം ലീവെടുക്കാമെന്നും സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും സ്ഥിര ജീവനക്കാര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാവുക എന്നായിരുന്നു പ്രധാന പരാതി. തീരുമാനം പിന്‍വലിക്കപ്പെട്ടതോടെ വലിയ സന്തോഷത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."