സ്വകാര്യ ആശുപത്രികളില്‍ കൂട്ടപ്പിരിച്ചുവിടലിന് അരങ്ങൊരുങ്ങുന്നു
പാലക്കാട്: കൊവിഡ് വ്യാപനവും രോഗത്തെക്കുറിച്ചുള്ള ഭയവും മൂലം രോഗികള്‍ എത്താതായതോടെ വന്‍കിട സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കാന്‍ ആശുപത്രികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചതിന്റെ സൂചനകള്‍ പുറത്തുവന്നു.
പാലക്കാട് ജില്ലയിലെ വന്‍കിട സ്വകാര്യ ആശുപത്രി 60 ശതമാനം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി ഉത്തരവിറക്കി. സ്റ്റാഫ് നഴ്‌സുമാര്‍ ഉള്‍പ്പെടെ സീനിയറായ ജീവനക്കാര്‍ക്കു മാത്രമാണ് ജോലിക്കെത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് കൂട്ടായ്മ സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനമാണിതെന്നും വരും ദിവസങ്ങളില്‍ ആരോഗ്യമേഖലയില്‍ സംസ്ഥാന വ്യാപകമായി കൂട്ട പിരിച്ചുവിടല്‍ ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും പ്രമുഖ സ്വകാര്യആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി സുപ്രഭാതത്തോട് വ്യക്തമാക്കി.
കൊവിഡ് ബാധിക്കുമെന്ന സംശയത്താല്‍ ജനം ആശുപത്രികളിലെത്തുന്നില്ല. യാത്രാ നിയന്ത്രണവും കാരണമാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ 60 ശതമാനവും സ്വകാര്യ മേഖലയിലാണ്. രോഗികള്‍ കുറഞ്ഞെങ്കിലും ആശുപത്രി നടത്തിപ്പിനുള്ള ദൈനംദിന ചെലവില്‍ കാര്യമായ കുറവില്ലാതിരിക്കുകയും വരുമാനം പത്തു ശതമാനത്തില്‍ താഴെ ആവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി പറയുന്നു.
കൊവിഡ് കാലമായതിനാല്‍ നികുതികള്‍ ഒഴിവാക്കുക, റജിസ്‌ട്രേഷന്‍ ഫീസുകള്‍ കുറയ്ക്കുക, വെദ്യുതി- വെള്ളം ചാര്‍ജുകള്‍ ഈടാക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണമില്ലാതിരുന്നതും കടുത്ത തീരുമാനത്തിനു കാരണമായി. കുറഞ്ഞ ശതമാനം ജീവനക്കാരെ വച്ച് ആശുപത്രി നടത്തിയാല്‍ തന്നെ അവര്‍ക്ക് അടുത്ത മാസം മൂന്നിലൊന്നു ശമ്പളം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."