തൊഴിലാളികൾക്കായി ദിവസേന 24000 ഇഫ്താർ കിറ്റ് വിതരണം ചെയ്തു ഖത്തർ ചാരിറ്റി
അഹമ്മദ് പാതിരിപ്പറ്റ ദോഹ: ദാനത്തിലൂടെ ഹൃദയം ശാന്തമാക്കുക എന്ന റമദാന്‍ കാംപയ്‌നിലൂടെ ഖത്തര്‍ ചാരിറ്റി ഇഫ്താര്‍ കിറ്റ് വിതരണം ആരംഭിച്ചു. ദിവസേന 24,000ഓളം തൊഴിലാളികള്‍ക്കാണ് ഖത്തറില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ക്വാരന്റൈനിലുള്ള 3000 തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. അല്‍ വക്ര, അല്‍ ഖോര്‍, ദോഹ, ഉം സലാല്‍ അലി, ഉം സലാല്‍ മുഹമ്മദ്, അല്‍ റുവൈസ്, ഉം ലഖ്ബ, അല്‍ ജുമൈലിയ, അല്‍ ഗുവൈരിയ, അല്‍ അസാബ് കോംപ്ലക്‌സ്, അല്‍ ഹിലാല്‍, എയര്‍പോര്‍ട്ട് ഏരിയ, അല്‍ ഗറാഫ, ഫരീജ് അബ്ദുല്‍ അസീസ്, അല്‍ ഗാനം, ഐന്‍ ഖാലിദ്, അല്‍ റയ്യാന്‍, അല്‍ സലായ, മുഐതര്‍ തുടങ്ങിയ 20ഓളം പ്രദേശങ്ങളിലാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഖത്തറിലെ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഇഫ്താര്‍ ഭക്ഷണ വിതരണ പദ്ധതി 4,266,000 റിയാല്‍ ചെലവിട്ടാണ് നടത്തുന്നത്. രാജ്യത്തെ 2,13,300 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 20,000 ഫുഡ് ബാസ്‌ക്കറ്റുകളും തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്. റമദാന്‍ മുഴുവന്‍ ഉപയോഗിക്കാനാവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയതായിരിക്കും ഈ കിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."