വേണ്ടെന്ന് പറഞ്ഞിട്ടും മദ്യശാല തുറക്കുമെന്ന് അധികൃതര്‍
ദേവര്‍ഷോല: നാട്ടുകാര്‍ നിരന്തരം വേണ്ടെന്ന് പറഞ്ഞിട്ടും മദ്യശാല തുറക്കാനുള്ള തീരുമാനവുമായി അധികൃതര്‍. ഇതേതുടര്‍ന്ന് സമരം ശക്തമാക്കി നാട്ടുകാര്‍.
ദേവര്‍ഷോല എട്ടാംമൈലില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല ഗ്രാമപ്രദേശമായ നെല്ലിക്കുന്നിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ദേവര്‍ഷോലയില്‍ നിന്നും രാത്രിയില്‍ നെല്ലിക്കുന്നിലെ ഒരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമമായിരുന്നു അധികൃതരുടേത്. ഇതറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഈ സമയത്ത് ഇതിലെ സര്‍വിസ് നടത്തിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും പ്രതിഷേധക്കാര്‍ തടഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് വിട്ടയച്ചത്. ഒരു കാരണവശാലും മദ്യശാല ഇവിടെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യശാല തങ്ങളുടെ നാട്ടില്‍ വേണ്ടെന്നും നാട്ടുകാര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യശാല തുറക്കാനുള്ള ശ്രമം അധികൃതര്‍ താല്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ ഏത് നിമിഷവും പ്രദേശത്ത് മദ്യശാല തുറക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നതിനാല്‍ ജാഗരൂകരായിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."