ഫൈസല്‍ വധം: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം അനിശ്ചിതമായി നീളുന്നു. മാതാവ് ജമീല സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് മുഖേന ഫെബ്രുവരി ഏഴിനാണ് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കാഞ്ഞങ്ങാട് സ്വദേശി അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ സമ്മതപത്രത്തോടുകൂടി നല്‍കിയ അപേക്ഷയില്‍ ഫൈസലിന്റെ മാതാവ് ആവശ്യപ്പെട്ടിരുന്നത്.
അപേക്ഷ നല്‍കി രണ്ടുമാസമായിട്ടും കാത്തിരിപ്പ് തുടരുകയാണ്. നടപടികള്‍ക്കായി കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിനായി നല്‍കിയിരിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്. പിന്നീട് കത്തിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരും നേതാക്കളുമായ പതിനാറുപേര്‍ പ്രതികളായ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അലംഭാവം കാരണം മുഖ്യ പ്രതികളടക്കം പതിമൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മഞ്ചേരി ജില്ലാകോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഇദ്ദേഹം തയാറായതുമില്ല.
അതേ സമയം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നാദാപുരം സ്വദേശി നസീര്‍ കൊല്ലപ്പെട്ട കേസില്‍ അഡ്വ. സി.കെ ശ്രീധരനെയും കോളജ് വിദ്യാര്‍ഥിയായ ജിഷ്ണുകൊല്ലപ്പെട്ട കേസില്‍ അഡ്വ. ഉദയഭാനുവിനെയും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഫൈസല്‍ വധക്കേസില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ രോഷാകുലരാണ് നാട്ടുകാര്‍. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."