വടകര മണ്ഡലത്തിലെ വികസന മുരടിപ്പിന് മുല്ലപ്പള്ളി മാപ്പ് പറയണം: സി.പി.എം
വടകര: പാര്‍ലമെന്റ് മണ്ഡലത്തെ പത്തു വര്‍ഷം പ്രതിനിധീകരിച്ചിട്ടും പ്രധാനപ്പെട്ട ഒരു കേന്ദ്ര പദ്ധതിയും വടകരയില്‍ കൊണ്ടുവരാന്‍ കഴിയാത്ത എം.പിയാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.പിമാര്‍ക്ക് ലഭിക്കുന്ന ഫണ്ടു പോലും നേരാംവണ്ണം വടകരയില്‍ വിനിയോഗിച്ചിട്ടില്ല. പത്തു വര്‍ഷം വികസന മുരടിപ്പാണ് മണ്ഡലത്തിലുണ്ടായത്. ഇതിന് ജനങ്ങളോട് മുല്ലപ്പള്ളി മാപ്പു പറയണം. ആദ്യ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ 'വിഷന്‍ വടകര 2025' എന്ന പേരില്‍ വികസനത്തിനായി പ്ലാന്‍ തയാറാക്കിയ മുല്ലപ്പള്ളി അതിലൊന്നു പോലും നടപ്പാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏറെ കൊട്ടിഘോഷിച്ച നാളീകേര സംഭരണം, ഹാര്‍ബര്‍ വികസനം, റെയില്‍വേ സ്റ്റേഷന്‍ വികസനം, പരമ്പരാഗത ആയോധന കലകള്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ എവിടെയുമെത്തിയില്ല. ഇഗ്നോ കേന്ദ്രം, കാപ്പാട് വിനോദസഞ്ചാര പദ്ധതി, പേരാമ്പ്രയിലെ സി.ആര്‍.പി.എഫ് കേന്ദ്രം എന്നിവ കടലാസിലൊതുങ്ങി. എം.പി ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ നല്‍കുകയും അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ഗ്രാമീണ പാതകളുടെ വികസനം നടത്തുകയും മാത്രമാണ് മുല്ലപ്പള്ളി ചെയ്തത്. അഞ്ചു ലക്ഷത്തില്‍ കുറവുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ആവശ്യമില്ല. ഇത്തരത്തില്‍ സ്വന്തക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അഴിമതി ചെയ്യാനുള്ള അവസരമുണ്ടാക്കുക മാത്രമാണ് എം.പി ചെയ്തതെന്നും പി. മോഹനന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം നേതാവ് പി.കെ ദിവാകരനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."