തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്: നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്റെ ചുമതല നല്‍കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയതാണ് ജനവികാരം വര്‍ധിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്ന് 2003ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമിയും മറ്റ് സഹായവും നല്‍കിയത് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് അത്തരമൊരു നിലപാട് എടുത്തത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരേ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഈ കേസില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."