വാഹന നികുതി വെട്ടിപ്പ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും ഫഹദ് ഫാസിലിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും
തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി, നടി അമലാ പോള്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം തയാറാകുന്നത്.
വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് കുറ്റം സമ്മതിച്ച് പിഴയടച്ച നടന്‍ ഫഹദ് ഫാസിലിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നകാര്യം സര്‍ക്കാര്‍ തീരുമാനിക്കും. സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരേ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങളായിരിക്കും ഇവര്‍ക്കെതിരേ ചുമത്തുക. മാത്രമല്ല ഇവര്‍ക്ക് വാഹനം നല്‍കിയത് ഉള്‍പ്പെടെ നികുതി വെട്ടിപ്പിന് കൂട്ടുനിന്ന ഒന്‍പത് ഷോറൂമുകളും കേസില്‍ പ്രതിചേര്‍ക്കപ്പെടും.
കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. 2010ല്‍ രാജ്യസഭാ എം.പിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് അമലാ പോള്‍ തന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.
പോണ്ടിച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി അമലാ പോള്‍ ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സിനിമാ ഷൂട്ടിങ്ങിനു പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടക വീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി.
എന്നാല്‍ പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപ്പാര്‍ട്ട്‌മെന്റ് ആണ് ഇതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് അമലാപോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടക വീടല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്നാണ് കേസെടുത്തത്.
കേസില്‍പെട്ടതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസില്‍ ആലപ്പുഴ ആര്‍.ടി.ഒ ഓഫിസില്‍ 17.68 ലക്ഷം രൂപ വാഹന നികുതിയായി അടച്ചിരുന്നു. ഫഹദിനെതിരേ കുറ്റപത്രം വേണോയെന്ന് സര്‍ക്കാരുമായി ആലോചിച്ച് ക്രൈംബ്രാഞ്ച് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."