ബാബരി മസ്ജിദ് തര്‍ക്കം 'മധ്യസ്ഥ ബെഞ്ചി'ലേക്ക്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ചേരുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ കേസ് ആദ്യമായി മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും. നേരത്തെ കോടതിയും രാഷ്ട്രീയ നേതൃത്വവും പലതവണ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 2017ല്‍ കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറാണ് അവസാനമായി മധ്യസ്ഥതയിലൂടെ പരിഹിക്കണമെന്ന അഭിപ്രായമുന്നയിച്ചത്. എന്നാല്‍ പിന്നീട് അതിനുള്ള ശ്രമമുണ്ടായില്ല.
1992ല്‍ ബാബരി തകര്‍ക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖരന്‍, പി.വി നരസിംഹ റാവു എന്നിവര്‍ വിശ്വഹിന്ദു പരിഷത്തുമായും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡുമായും ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. അതിനൊന്നും ഫലമുണ്ടായില്ലെന്നു മാത്രമല്ല 1992 ഡിസംബര്‍ ആറിന് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുകയും ചെയ്തു.
കോടതിയുടെ നിരീക്ഷണത്തില്‍ ചര്‍ച്ചയാവാമെന്നാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ നിര്‍ദേശം. അഞ്ചിന് ഇത് ഉത്തരവായി പുറത്തിറങ്ങുകയും ചെയ്യും. തര്‍ക്കം നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാറ, സുന്നി വഖ്ഫ് ബോര്‍ഡ്, രാംലാല എന്നിവയ്ക്കു പകുത്തുനല്‍കാനായിരുന്നു 2010 സെപ്റ്റംബര്‍ 30ലെ അലഹബാദ് ഹൈക്കോടതി വിധി. ഇതിനെ മൂന്നു വിഭാഗവും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു. ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് മുസ്‌ലിം പക്ഷത്തുള്ള സുന്നി വഖ്ഫ് ബോര്‍ഡിനും സന്ന്യാസിമാരുടെ പക്ഷത്തുള്ള നിര്‍മോഹി അഖാറയ്ക്കും എതിര്‍പ്പില്ല. 1885ല്‍ ബാബരി മസ്ജിദിന്റെ മതിലിനുള്ളില്‍ രാം ഛാബൂത്ര (പ്ലാറ്റ്‌ഫോം) സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച സംഘടനയാണ് നിര്‍മോഹി അഖാറ. അന്നതു നിരസിക്കപ്പെടുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയുള്ള രാംലാലയ്ക്കു മാത്രമാണ് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് എതിര്‍പ്പുള്ളത്. കോടതിയില്‍ ചര്‍ച്ചയെന്ന നിര്‍ദേശം അവര്‍ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സിവില്‍ പ്രൊസീജിയര്‍ കോഡിന്റെ 89 വകുപ്പ് നിര്‍ദേശിക്കുന്നത് ഇത്തരം തര്‍ക്കങ്ങള്‍ കോടതിക്കുപുറത്ത് തീര്‍പ്പാക്കാനുള്ള സാധ്യത തേടണമെന്നാണ്. കക്ഷികള്‍ക്ക് അംഗീകരിക്കാവുന്ന ഒത്തുതീര്‍പ്പ് രീതി കണ്ടെത്താനായാല്‍ കോടതി ചര്‍ച്ചയുടെ വ്യവസ്ഥകള്‍ തീരുമാനിച്ചു കക്ഷികള്‍ക്കു നല്‍കണം. തുടര്‍ന്നു കക്ഷികളുടെ നിരീക്ഷണങ്ങള്‍ കൂടി സ്വീകരിച്ചു പൊതുഫോര്‍മുല മുന്നോട്ടുവയ്ക്കാവുന്നതാണെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇതില്‍ മധ്യസ്ഥരിലൂടെ, ജുഡീഷ്യറിയോ ലോക് അദാലത്ത് മുഖേനയോ തീര്‍പ്പാക്കാമെന്നും വ്യവസ്ഥയുണ്ട്. 2010 ഓഗസ്റ്റ് മൂന്നിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി കേസിലെ എല്ലാ അഭിഭാഷകരെയും ജഡ്ജിമാര്‍ ചേംബറിലേക്കു വിളിപ്പിച്ചു. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് വിഭാഗം മാത്രം ഒത്തുതീര്‍പ്പിനെ എതിര്‍ക്കുകയും നടപ്പാക്കാനാവാതെ പോകുകയുമായിരുന്നു.
2017ലാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നു മധ്യസ്ഥ ശ്രമമുണ്ടാകുന്നത്. ഇരുവിഭാഗവും മധ്യസ്ഥരെ നിശ്ചയിച്ചു ചര്‍ച്ച നടത്തണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ നിര്‍ദേശിച്ചു. കക്ഷികള്‍ അംഗീകരിച്ചാല്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം അറിയിച്ചു. മറ്റേതെങ്കിലും ജഡ്ജിയെ വേണമെങ്കില്‍ പറയാനും അല്ലെങ്കില്‍ വേറെയാളെ നിര്‍ദേശിക്കാനും ഖെഹാര്‍ പറഞ്ഞു. അന്ന് കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുബ്രഹ്മണ്യം സ്വാമിയോട് ഇതിനായി മുന്‍കൈയെടുക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, മധ്യസ്ഥത്തിന് മുസ്്‌ലിംകള്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു സ്വാമിയുടെ മറുപടി. കേസില്‍ കക്ഷിയല്ലാത്ത സുബ്രഹ്മണ്യം സ്വാമി താന്‍ ഈ കേസില്‍ കക്ഷിയല്ലെന്ന കാര്യം മറച്ചുവച്ചിരുന്നു. ഇതറിഞ്ഞ കോടതി സ്വാമിയെ ഒഴിവാക്കുകയും തുടര്‍നടപടികളൊന്നും കൈക്കൊള്ളാതിരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."