തലശ്ശേരിയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
തലശ്ശേരി: നഗരമധ്യത്തിലെ ബി.ജെ.പി ഓഫിസിന് സമീപത്തുവച്ച് പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ബി.ജെ.പി മണ്ഡലം ഓഫിസിനു എതിര്‍വശത്തെ ഗ്രൗണ്ടിലാണ് സ്ഫോടനം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ചന്ദ്രവിലാസം ജങ്ഷനിലെ ഗ്രൗണ്ടില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചത്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍ (36), കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട്ട് പ്രവീണ്‍ (33), വേളം കുളക്കോലിലെ ടി.കെ റഫീഖ് (34) എന്നിവര്‍ക്കാണു പരുക്കേറ്റത്. പ്രവീണിന്റെ മൂക്കിന്റെ ഒരുഭാഗം അറ്റ നിലയിലാണ്. പരുക്കേറ്റ മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഗ്രൗണ്ടില്‍ കൂട്ടിയിട്ട കല്ലുകള്ക്കിടയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പൂജാ സ്റ്റോറിലേക്ക് ആവശ്യമായ പച്ചില മരുന്ന് ശേഖരിക്കാനെത്തിയവര്ക്കാണ് പരുക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
പരുക്കേറ്റവരെ എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്മാന് സി.കെ രമേശന്, ഉപാധ്യക്ഷ നജ്മാ ഹാഷിം, പ്രതിപക്ഷ നേതാവ് പി.പി സാജിത എന്നിവര്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ഓഫിസിനു സമീപത്തുണ്ടായ സ്ഫോടനം അതീവഗൗരവത്തോടെ കാണണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എ.എന്‍ ഷംസീര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തലശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."