പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച പെണ്‍കൂട്ടം പറയുന്നു 'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ..'
പൊന്നാനി: 'ഞങ്ങളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കാമോ? ആരുടെയും സഹായമില്ലാതെയാണ് ഞങ്ങള്‍ ആറുപേര്‍ പാതവക്കില്‍ ഈ തട്ടുകട നടത്തുന്നത്. മാന്യമായി ജീവിക്കാനുള്ള ശ്രമമാണ്.'ഏറെ സങ്കടത്തോടെയാണ് കാളച്ചാലിലെ സംസ്ഥാന പാതയോരത്ത് തട്ടുകട നടത്തുന്ന വനിതകള്‍ ഇതു പറഞ്ഞത്.
മൂന്നുമാസം മുന്‍പാണ് എടപ്പാള്‍ പഞ്ചായത്തിലുള്‍പ്പെട്ട കോലളമ്പിലെ കുടുംബശ്രീ പ്രവര്‍ത്തകരായ പ്രിയ, സൗമ്യ, സുജാത, ഗീത, സുശീല, മഞ്ജുള എന്നീ ആറുപേര്‍ ആലങ്കോട് പഞ്ചായത്തിലുള്‍പ്പെട്ട കാളച്ചാലിലെ പാതയോരത്ത് തട്ടുകട തുടങ്ങിയത്. ദിവസവും ശരാശരി 3000 മുതല്‍ 4500 വരെ വരുമാനമുണ്ടായിരുന്ന ഇവര്‍ക്ക് ചിലവ് കഴിച്ചാലും 250 രൂപയോളം ലാഭം കിട്ടിയിരുന്നു. പാതയോരത്ത് ഇവരെക്കൂടാതെ തൊട്ടടുത്ത് തന്നെ പത്തോളം തട്ടുകടകള്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്.
പൊരിക്കടികള്‍ക്കു പുറമെ കഞ്ഞിയും ബീഫും കപ്പയും കിട്ടുമെന്നതിനാല്‍ വഴിയാത്രക്കാരും കയറാന്‍ തുടങ്ങി. ഇതിനിടയിലാണ് നാലു ദിവസം മുമ്പ് ഇവരുടെ തട്ടുകട ആരോ തകര്‍ത്ത് തൊട്ടടുത്തുള്ള വെള്ളം നിറഞ്ഞ വയലിലേക്ക് വലിച്ചെറിത്തത്. പാത്രങ്ങളും കസേരകളും മേശകളുമെല്ലാം വയലിലെ വെള്ളത്തില്‍. ഇവരുടെ സങ്കടത്തില്‍ മനസ്സലിവ് തോന്നിയ സമീപത്തെ ചില തട്ടുകടക്കാര്‍ തന്നെ സൗജന്യമായി തട്ടുകട പണിതു നല്‍കി. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും കച്ചവടം ആരംഭിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ വനിതകള്‍. ഇനിയും അക്രമിക്കപ്പെടുമോ എന്നു ഭയന്ന് ഇവര്‍ പൊലിസില്‍ പരാതിപ്പെട്ടിട്ടില്ല. പരാതിപ്പെട്ടാലും നീതി കിട്ടില്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഏതു നിമിഷവും ഒരു രാത്രിയുടെ മറപറ്റി തങ്ങളുടെ തട്ടുകട ഇനിയും തകര്‍ക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു. എങ്കിലും തോറ്റുകൊടുക്കാനോ പിന്മാറാനോ തയാറല്ലെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പഞ്ചായത്തില്‍നിന്ന് ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും രാവിലെ മുതല്‍ വൈകിട്ട് ഒന്‍പത് മണിവരെ ആണിടങ്ങളില്‍ സ്വന്തം ജീവിതവഴികള്‍ തുറന്നിടുകയാണ് ഈ പെണ്‍കൂട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."