അര്‍ധരാത്രി വീടുവളഞ്ഞ് അറസ്റ്റ് ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
വിഴിഞ്ഞം: ഹര്‍ത്താല്‍ ദിനത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് രണ്ടുപേരെ അര്‍ധരാത്രി വീടുവളഞ്ഞ് അറസ്റ്റു ചെയ്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് പുതിയതുറ ജങ്ഷനില്‍ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. മത്സ്യബന്ധന വള്ളങ്ങള്‍ റോഡിനു കുറുകെ നിരത്തി നടത്തിയ ഉപരോധത്തില്‍ വിഴിഞ്ഞം പൂവാര്‍ തീരദേശ റോഡിലെ ഗതാഗതം ഇന്നലെ പകല്‍ മുഴുവന്‍ സ്തംഭിച്ചു. പ്രദേശം ഹര്‍ത്താലിന്റെ പ്രതീതിയിലായിരുന്നു.
കഴിഞ്ഞ ദിവസം യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കരുംകുളത്തെ സഹകരണ ബാങ്ക് അടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ജീവനക്കാരനെ മര്‍ദിച്ചതായി ലഭിച്ച പരാതിയിലാണ് പൊലിസ് നടപടിയെടുക്കാനെത്തിയത്.
കഴിഞ്ഞ ദിവസം അര്‍ധ രാത്രി ഒന്നരയോടെ കാഞ്ഞിരംകുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം , വീടുവളഞ്ഞ് പുതിയതുറ സ്വദേശികളായ നെല്‍സണ്‍ (35), മണികണ്ഠന്‍ (44) എന്നിവരെ അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
വിവരമറിഞ്ഞ് നാട്ടുകാര്‍ പുലര്‍ച്ചെ നാലുമണിയോടെ പുതിയ തുറ ജങ്ഷനില്‍ റോഡുപരോധിക്കുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തി. ഇതിനിടയില്‍ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞു. പൊലിസ് പിടികൂടിയവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടുമെന്ന ഉറപ്പിന്‍മേല്‍ ഇടക്ക് സമരം തണുത്തെങ്കിലും ഏറെ വൈകിയും ജാമ്യം ലഭിക്കാതെ വന്നതോടെ പ്രതിഷേധം രൂക്ഷമായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി പിടികൂടിയവരെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രണ്ടുപേരും തിരികെയെത്തിയതോടെ വൈകുന്നേരം അഞ്ച് മണിയോടെ ഉപരോധംഅവസാനിച്ചു.
ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സെക്രട്ടറിമാരായ വിന്‍സെന്റ് ഡി പോള്‍, അഡോല്‍ഫ് മൊറായിസ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."