പള്ളിപ്പുറം-കോട്ടമുറി റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന്; വിജിലന്‍സില്‍ പരാതി നല്‍കി
മാള: പള്ളിപ്പുറം-കോട്ടമുറി റോഡ് നിര്‍മാണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാള പള്ളിപ്പുറം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് വിജിലന്‍സില്‍ പരാതി നല്‍കി.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പാഴ് ചെലവുകള്‍ കൂടാന്‍ കാരണമായി. 2013ല്‍ റോഡിനായി അനുവദിച്ച എം.എല്‍.എയുടെ ഒറ്റത്തവണ തുകയായ 65 ലക്ഷം ഉപയോഗിച്ച് റോഡ് വീതി കൂട്ടി ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടനം ചെയ്ത് നാലു മാസത്തിനുള്ളില്‍ ജലനിധി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് മുഴുവന്‍ വെട്ടിപ്പൊളിച്ചു.
വീണ്ടും റോഡ് പൊളിച്ച ഭാഗങ്ങള്‍ 32 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ണമായും ബലപ്പെടുത്തി ടാര്‍ ചെയ്യുന്ന നടപടികള്‍ കോട്ടമുറി ഭാഗത്ത് നിന്ന് ആരംഭിച്ചിരുന്നു. ഈ അവസരത്തില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും മെക്കാഡം ടാറിങ്ങിനായി ഒന്നര കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ നിലവില്‍ നടത്തിയിരുന്ന പണികള്‍ നിര്‍ത്തിവച്ചു.
പിന്നീട് മെക്കാഡം ടാറിങ് പ്രവൃത്തികള്‍ തുടങ്ങുന്നതിനു മുന്‍പ് ജലനിധി പൈപ്പിനായി പൊളിച്ച് ബലപ്പെടുത്തിയ തോട് വീണ്ടും പൊളിച്ച് ബലപ്പെടുത്തിയ ഭാഗത്ത് ആദ്യം നിക്ഷേപിച്ച മെറ്റലും മണ്ണും വീണ്ടും മാറ്റി പുതിയ മെറ്റീരിയല്‍സ് നിക്ഷേപിച്ചു. അന്നും പരാതി നല്‍കിയെങ്കിലും പുതിയ എസ്റ്റിമേറ്റിലും ജലനിധിക്കായി പൊളിച്ച തോട് ബലപ്പെടുത്താന്‍ തുക വകയിരുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ മറുപടി ലഭിച്ചത്.
എന്നാല്‍ മറ്റ് അന്വേഷണങ്ങള്‍ ഒന്നും പൊതുമരാമത്ത് വകുപ്പ് നടത്തിയില്ല. ഈ ഇനത്തിന്‍ തന്നെ ഭീമമായ സംഖ്യ വീണ്ടും പാഴാക്കി റോഡ് പണി പൂര്‍ത്തിയാക്കിയെങ്കിലും നിരവധി വീഴ്ച്ചകളാണ് ഈ റോഡുപണിയില്‍ സംഭവിച്ചത്.
റോഡരികില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ റോഡുപണിയുടെ ഭാഗമായി റോഡിന്‍ നിരവധി സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളെല്ലാം കേടുപാടുകള്‍ ഒന്നും തന്നെയില്ലാതെ സ്ഥിതി ചെയ്യുമ്പോള്‍ പുതിയ കരാര്‍ പ്രകാരമുള്ള സുചന ബോര്‍ഡുകള്‍ പഴയ സൂചന ബോര്‍ഡിനോട് ചേര്‍ത്ത് സ്ഥാപിച്ചിരിക്കുന്നു. ഒരോ ജങ്ഷനുകളില്‍ ഒരു ബോര്‍ഡില്‍ എഴുതി സ്ഥാപിക്കേണ്ട കാര്യങ്ങള്‍ പല ബോര്‍ഡുകളിലായി സ്ഥാപിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഗതാഗത തടസവും സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയിരിക്കുന്നു.
കൂടാതെ മാള പള്ളിപ്പുറം രാജവീഥി റോഡിലേയ്ക്ക് ഈ റോഡിന്‍ നിന്നും പ്രവേശിക്കുന്നതിനാവശ്യമായ ചരിവ് നല്‍കാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡിലേയ്ക്ക് സുഗമമായി പ്രവേശിക്കുവാന്‍ സാധിക്കുന്നില്ലായെന്ന് മാത്രമല്ല നിരവധി അപകടങ്ങളും ഉണ്ടാകുന്നു. റോഡില്‍ ഉറപ്പിച്ചിരിക്കുന്ന റിഫ്‌ളക്ടറുകളുടെ എണ്ണത്തിലും കുറവുണ്ടെന്ന് പറയപ്പെടുന്നു.
പൊതുമരാമത്ത് വകുപ്പില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാത്തതിനാലാണ് വിജിലന്‍സിന്‍ പരാതി നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."