സ്ത്രീകള്‍ക്ക് തുല്യ സാമൂഹിക പദവി ഉറപ്പാക്കണം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
പാലക്കാട്: സ്്ത്രീകളോടുള്ള കേരളത്തിന്റെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും സാമ്പത്തികമായി മാത്രമല്ല പുരുഷനു തുല്യമായി സാമൂഹിക പദവി സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ മാത്രമേ കേരളത്തില്‍ ജനാധിപത്യം പൂര്‍ണമാവുകയുള്ളൂയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മഹിളാ മിത്ര വായ്പാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്് ഭാഗമായാണ് കുടുംബശ്രീ മഹിളാ മിത്ര വായ്പ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ അയല്‍ക്കൂട്ട തലത്തിലെ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിലെ ബി.പി.എല്‍ ഗുണഭോക്താവിനെ കണ്ടെത്തി ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 15000 രൂപ വായ്പ തുകയായും ഒരു വര്‍ഷത്തേക്ക് എ.ടി.എം കാര്‍ഡും ഉറപ്പാക്കും.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ അട്ടപ്പാടി ബ്ലോക്കിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുകയും പദ്ധതി വിജയിച്ചതിന്റെയടിസ്ഥാനത്തിലാണ് ജില്ലയിലെ 93 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആരെയും ആശ്രയിക്കാതെ അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിനോടൊപ്പം നിലവിലുള്ള തൊഴില്‍ മെച്ചപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക, വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്നും സഹായിക്കുകയും, സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ജീവിതം ആയാസരഹിതമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. എം.ബി.രാജേഷ് എം.പി അധ്യക്ഷനായ പരിപാടിയില്‍ ആര്‍.ഡി.ഒ. ആര്‍. രേണു, അഡ്മിനിസ്‌ട്രേറ്റര്‍ എം.കെ.ബാബു, ലീഡ് ബാങ്ക് മാനേജര്‍ ടി.അനില്‍, ജില്ലാ സഹകരണ ബാങ്ക് ഡെപൂട്ടി ജനറല്‍് മാനേജര്‍ കെ. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."