HOME
DETAILS

രണ്ടാം മെയ്ദിന പ്രക്ഷോഭം അനിവാര്യം

  
backup
May 01 2020 | 00:05 AM

may-day-844796-2020

 


ലോകതൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ വിജയദിനമായി ആചരിക്കുന്ന ദിവസമാണ് മെയ് ഒന്ന്. തൊഴില്‍സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുവാന്‍ ഒരുപറ്റം തൊഴിലാളികള്‍ നടത്തിയ സമരവും അടിച്ചമര്‍ത്തലും ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു. അവകാശ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികളെ ഈ ദിനത്തില്‍ സ്മരിക്കാം. ഒരു രാഷ്ട്രീയകക്ഷിയോടും ഇസങ്ങളോടും ആഭിമുഖ്യം പുലര്‍ത്താതെ, തൊഴിലാളി താല്‍പര്യത്തിലും ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിലും മാത്രം ഉറച്ച് നിന്ന് പോരാടി ധീരരക്തസാക്ഷിത്വം വരിച്ച ധീരപോരാളികളുടെ സ്മരണയ്ക്ക് മുമ്പില്‍ ഐക്യത്തിന്റെ പ്രതിജ്ഞ തൊഴിലാളികള്‍ പുതുക്കണം.
തൊഴില്‍ സംരക്ഷണ നിയമങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് 19-ാം ശതകത്തിലെ അടിമത്വത്തിലേക്ക് തൊഴിലാളികളെ നയിക്കുന്ന രീതിയാണ് നിലവിലെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. മെയ്ദിന കാലഘട്ടത്തിന് സമാനമായ വിപ്ലവപോരാട്ടം രാജ്യത്ത് അനിവാര്യമായിരിക്കുന്നു. എട്ടു മണിക്കൂര്‍ ജോലി എന്ന നിയമപരമായ അവകാശം നിഷേധിക്കപ്പെടുന്നു. പിരിച്ചുവിടലും അടച്ചുപൂട്ടലും വ്യാപകമായി നടക്കുന്നു. തൊഴില്‍നിയമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും വ്യാഖ്യാനിക്കാനുള്ളതാക്കി മാറ്റിയിരിക്കുന്നു. നിയമ ലംഘനം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നു. ഐ.എല്‍.ഒ(ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍)യുടെയും മറ്റ് അന്തര്‍ ദേശീയ തൊഴില്‍ സംരക്ഷണ വേദികളുടെയും നിര്‍ദേശങ്ങളെ പരസ്യമായി അവഗണിക്കുന്നു. ആരു പറഞ്ഞാലും കേള്‍ക്കാത്ത ഭരണകൂടങ്ങള്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭീഷണിയും ബാധ്യതയുമാണ്.


പണിയെടുക്കുന്നവരുടെ അടിമ എന്ന വിളിപ്പേര് അടിമത്വനിരോധനത്തിലൂടെ മാസ്റ്റര്‍ ആന്‍ഡ് സര്‍വന്റ് എന്ന വ്യവസ്ഥയില്‍ വേലക്കാരന്‍ എന്നായി മാറി. തുടര്‍ന്ന് ലേബര്‍ എന്നപേരില്‍ കൂലിപ്പണിക്കാരന്‍ എന്നും, പിന്നീട് വര്‍ക്കര്‍ എന്ന പേരില്‍ തൊഴിലാളി എന്നുമായി മാറി. ഇതിനു പിന്നാലെ എംപ്ലോയര്‍ ആന്‍ഡ് എംപ്ലോയീ എന്ന വ്യവസ്ഥയില്‍ ജീവനക്കാരന്‍ എന്ന പേരിലേയ്ക്കും എത്തിയെങ്കിലും ഇന്ന് ഈ പുരോഗമന അവസ്ഥകള്‍ എല്ലാം മാറി കോണ്‍ട്രാക്ട് ലേബര്‍ എന്നും ഫിക്‌സെഡ് ടേം തൊഴിലാളിയെന്നുമുള്ള വിളിപ്പേരിലേക്ക് ഭരണകൂടം തന്നെ തൊഴിലാളിയെ മാറ്റിയിരിക്കുന്നു. ഈ രീതി 19-ാം ശതകത്തിലെ മെയ്ദിന പ്രക്ഷോഭകാലഘട്ടത്തിലേയ്ക്കുള്ള തിരിച്ചു പോക്കാണ്.


തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മാന്യമായ ജോലി, മാന്യമായ ജീവിതം എന്നിവ 2030ല്‍ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നു. തൊഴിലാളികള്‍ക്ക് എല്ലാവിധ നിയമപരിരക്ഷകളും ലഭിക്കുവാന്‍ അസംഘടിത മേഖലയെ സംഘടിത മേഖലയാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഐ.എല്‍.ഒ, ഇന്ത്യ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ വീരസ്യം പറയുന്ന ഇവിടുത്തെ ഭരണാധികാരികള്‍ അന്തര്‍ദേശീയ തീരുമാനങ്ങളെയെല്ലാം ലംഘിച്ച് ഇവിടെ തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും തീരുമാനങ്ങളെ ഒപ്പിട്ടു സമ്മതിച്ചും കൈയ്യടിച്ച് ആഹ്ലാദിച്ചും ആവേശം പ്രകടിപ്പിച്ചവര്‍ തന്നെ ഈ തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു എന്നത് അന്താരാഷ്ട്ര വേദികളെ പോലും അവഹേളിക്കലാണ്.


ഇന്ത്യയില്‍ നിലനില്‍ക്കുന്ന 44 ഓളം അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി കോര്‍പ്പറേറ്റുകള്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നാല് പ്രത്യേക കോഡുകളാക്കി മാറ്റുന്നു. ഫാക്ടറി നിയമത്തിന്റെ പരിധിയില്‍ നിന്നും തൊഴിലാളികളെ പൂര്‍ണമായി പുറത്താക്കുന്നു. 1946 - ലെ സ്റ്റാന്റിങ് ഓര്‍ഡേഴ്‌സ് നിയമം ഭേദഗതി ചെയ്ത് തൊഴില്‍ സ്ഥിരത പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുന്നു. അപ്രന്റീസ് നിയമം ഭേദഗതി ചെയ്ത് എത്രകാലവും അപ്രന്റീസായി സ്റ്റൈപ്പന്റ് മാത്രം നല്‍കി ജോലി ചെയ്യിക്കാമെന്ന വ്യവസ്ഥ രൂപീകരിച്ചിരിക്കുന്നു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം പോലും ഭേദഗതി ചെയ്ത് അപ്രായോഗികമാക്കി മാറ്റിയിരിക്കുന്നു. ഇതെല്ലാം രാജ്യപുരോഗതിയ്ക്കാണെന്ന് ഭരണാധികാരികള്‍ അവകാശപ്പെടുമ്പോള്‍ 60 കോടി വരുന്ന പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം തകര്‍ത്ത് സമ്പന്നന്മാരെ സന്തോഷിപ്പിക്കാനും കോര്‍പ്പറേറ്റുകളെ തലോലിക്കാനുമാണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ഇത് തൊഴിലാളി വിരുദ്ധമാണ്, വഞ്ചനയാണ്.


ഏതൊരു തൊഴിലാളിക്കും ദിവസം 700 രൂപ രാജ്യത്താകമാനം ഉറപ്പു വരുത്തുന്ന ദേശീയ മിനിമം വേതനം പ്രഖ്യാപിക്കുകയും നിയമം മൂലം നടപ്പിലാക്കുകയും ചെയ്യണമെന്ന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. എന്നാല്‍ ജീവിക്കാനാവശ്യമായ വേതനം ഭരണഘടനയില്‍ ഉറപ്പ് വരുത്തിയിരിക്കുന്ന ഇന്ത്യയില്‍ ഇത് നടപ്പിലാക്കുവാന്‍ ഭരണകൂടങ്ങള്‍ തയാറാകുന്നില്ല. പൊതുമേഖലയും സ്വകാര്യമേഖലയും ശക്തമായി നിലനിര്‍ത്തുന്ന നെഹ്‌റുവിയന്‍ സമ്മിശ്ര സമ്പത്ത് വ്യവസ്ഥയ്ക്ക് പകരം കോര്‍പ്പറേറ്റുകളും സമ്പന്നന്മാരും മാത്രം ശക്തിപ്രാപിച്ചാല്‍ മതിയെന്നുള്ള ഇന്നത്തെ നയം തൊഴിലാളികളെ മാത്രമല്ല രാജ്യത്തെ പോലും നശിപ്പിക്കുന്നതാണന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു.


ഇന്നിപ്പോള്‍ കൂനിന്മേല്‍ കുരു എന്ന പോലെ മഹാമാരിയായ കൊറോണ വൈറസ് ലോകമാകെ മരണ ഭയത്തിലാക്കിയിരിക്കുന്നു. ഭൂഗോളമാകെ നിശ്ചലമാണ്. മനുഷ്യര്‍ പുഴുക്കളെ പോലെ മരിച്ചു വീഴുന്നു. രോഗബാധിതരുടെ എണ്ണം 30 ലക്ഷം കവിയുമ്പോള്‍ മരണപ്പെട്ടവര്‍ രണ്ട് ലക്ഷം പിന്നിട്ടിരിക്കുന്നു. 10 ലക്ഷം പേര്‍ മരണത്തിന് വിധേയരാകും എന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക വിലയിരുത്തല്‍. ഈ മഹാമാരി മൂലം ഇന്ത്യയിലെ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നും സ്വാഭാവിക പട്ടിണി മരണം സംഭവിക്കുമെന്നും തൊഴിലില്ലായ്മ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗമഹാമാരിയായാലും പ്രകൃതി ദുരന്തമായാലും യുദ്ധമായാലും ഏറ്റവും ആദ്യവും അന്തിമവുമായി ബാധിക്കുന്നത് തൊഴിലാളികളെയാണ്. ഇതാണ് ഐ.എല്‍.ഒ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. പട്ടിണി മരണം ഒഴിവാക്കാന്‍ കരുതല്‍ ധാന്യശേഖരത്തില്‍ നിന്നും ഓരോ തൊഴിലാളി കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ദൈനംദിന ചെലവുകള്‍ക്കായി ഓരോ കുടുംബത്തിനും 5000 രൂപ വീതം പ്രതിമാസം നല്‍കണം. കാരണം പണിയെടുക്കുന്ന തൊഴിലാളികളുടെ അധ്വാനമാണ് രാജ്യം നേടിയ ആഭ്യന്തര ഉല്‍പ്പാദനവും സാമ്പത്തിക വളര്‍ച്ചയും. രാജ്യത്തെ 25 കോടി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരു മാസം 5000 രൂപ വീതം നല്‍കുവാന്‍ 1.25 ലക്ഷം കോടിയുടെ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ ഉണ്ടാവുക.
സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ആറു ലക്ഷം കോടിയുടെ ബാങ്ക് വായ്പാ ഇളവുകള്‍ വ്യവസായ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നിലവിലെ മഹാമാരിയുടെ തുടക്കത്തില്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇളവുകള്‍ വീണ്ടും കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ചു. ഈ സാഹചര്യത്തില്‍ തൊഴിലാളികളെ പട്ടിണി മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയേ മതിയാകൂ. ഇത് സംബന്ധിച്ച വിശദമായ കത്ത് പ്രധാനമന്ത്രിക്കും ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഐ.എല്‍.ഒ ഡയരക്ടര്‍ ജനറലിനും നല്‍കിയിട്ടുണ്ട്.


ഈ മഹാരോഗ ദുരന്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനും പൊതുസമൂഹത്തിനും സ്വയം കണ്ണ് തുറക്കുവാനും തിരുത്തേണ്ടത് തിരുത്തുവാനുമുള്ള അവസരമായി കാണണം. 29 വര്‍ഷം മുമ്പ് തുടങ്ങിവച്ച ആഗോളവല്‍ക്കരണം തെറ്റായിരുന്നു എന്ന് ഭരണകൂടങ്ങള്‍ ഉറക്കെ പറയുന്ന സ്ഥിതി വന്നിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ സ്വയം പര്യാപ്തതയെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയിരിക്കുന്നു. സ്വന്തം രാജ്യത്തെ ഉല്‍പന്നങ്ങള്‍ അവഗണിച്ച് ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ ഇറക്കുമതിയിലേയ്ക്ക് പോയതിന്റെ പ്രതിസന്ധി ഈ ദുരന്തകാലത്ത് ഓരോ രാജ്യങ്ങളും അനുഭവിച്ചു. പൊതുമേഖലയുടെ ശക്തിയും സ്വകാര്യമേഖലയുടെ ദൗര്‍ബല്യവും താല്‍പര്യവും കൂടി ബോധ്യപ്പെടുവാനും ഈ ദുരന്തമുഖം വഴി തുറന്നു.


ഇനിയെങ്കിലും ഭരണകൂടങ്ങള്‍ ശരിയായ ദിശയില്‍ ചിന്തിക്കുമെന്നും പ്രവര്‍ത്തിക്കുമെന്നും ആശിക്കാം. ഇന്ത്യകണ്ട മഹാനായ നെഹ്‌റുവിന്റെ ഫാബിയന്‍ സോഷ്യലിസ്റ്റ് സാമ്പത്തിക, വ്യവസായ, കാര്‍ഷിക, വാണിജ്യ, സേവന നയങ്ങളാണ് രാജ്യത്തിന് ആവശ്യമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും പൊതുസമൂഹവും ഈ നേര്‍ദിശയില്‍ വരുമെന്ന് ആശിക്കാം. അതിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഈ മെയ് ദിനത്തില്‍ തൊഴിലാളികളായ നമുക്ക് പ്രതിജ്ഞയെടുക്കാം.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും ഐ.എല്‍.ഒ ഗവേണിങ് ബോഡി അംഗവുമാണ് ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago