യുവകര്‍ഷകര്‍ക്ക് കൂട്ടായി ഓര്‍ഗാനിക് കേരളാ പ്ലാന്റേഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം
കല്‍പ്പറ്റ: പാടത്ത് ജോലിയും വരമ്പത്ത് കൂലിയും ലഭിച്ചിരുന്ന കര്‍ഷകര്‍ തൊഴില്‍ ഉപേക്ഷിക്കുകയും ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുന്ന കാലത്ത് യുവകര്‍ഷകര്‍ക്ക് കൂട്ടായി ഓര്‍ഗാനിക് കേരള പ്ലാന്റേഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുകയാണ്.
വിത്ത് മുതല്‍ വിപണി വരെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം. പാഷന്‍ ഫ്രൂട്ട്, നെല്ലിക്ക, നാരങ്ങ, വെണ്ണപ്പഴം തുടങ്ങിയ എല്ലാ വിധ കൃഷികളും ചെയ്ത് പരിപാലിച്ച് ഉല്‍പ്പന്നങള്‍ മാര്‍ക്കറ്റ് ചെയ്ത് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാതെയും ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയാതെയും വലയുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് വയനാട്ടിലേയും മലപ്പുറത്തേയും ഈ യുവകര്‍ഷകരുടെ കൂട്ടായ്മ. തനിവിളയറക്കുന്ന കര്‍ഷകരുടെ തോട്ടങ്ങള്‍ മുഴുവന്‍ സംരക്ഷിച്ച്, കൃഷിയിടത്തിലെ ജോലി മുഴുവന്‍ ചെയ്ത് വിളവെടുത്തതിന് ശേഷം അതിന് വിപണികൂടി കണ്ടെത്തി നല്‍കുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. ഇത്തരത്തില്‍ ആദ്യ തനിവിള പ്ലാവിന്‍ തോട്ടത്തിന് പുല്‍പ്പള്ളിയില്‍ തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൃഷിക്കാര്‍ നേരിടുന്ന പ്രധാനവിഷയം നല്ലൊരു വിപണി കിട്ടുന്നില്ലെന്നുള്ളതാണ്. അതിനുള്ള പ്രശ്‌നപരിഹാരമായിട്ടാണ് തങ്ങള്‍ ഇത്തരമൊരു ആശയവുമായി രംഗത്ത് വന്നതെന്ന് യുവകര്‍ഷകര്‍ പറയുന്നു. നിലവില്‍ 40 ഏക്കറോളം പാഷന്‍ ഫ്രൂട്ട് ഇവരുടെ നേതൃത്വത്തില്‍ കൃഷിചെയ്യുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസ്, ജാം കൂടാതെ അച്ചാര്‍, ചമ്മന്തി പൊടി എന്നിവയും ഇവരുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തും.
കൂടാതെ ഇത്തരം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണിയും ഇവര്‍ കണ്ടെത്തുന്നുണ്ട്. നിലവില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ ജോലിക്കാര്‍, മാര്‍ക്കറ്റ് എന്നിവക്ക് പരിഹാരം എന്ന രീതിയില്‍ സ്ഥിരം ജീവനക്കാരുമായാണ് ഓര്‍ഗാനിക് കേരള പ്ലാന്റേഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."