കോഴിക്കോടിനെ പി.എസ്.സി മേഖലാകേന്ദ്രമാക്കും: ചെയര്‍മാന്‍
കോഴിക്കോട്: പല ആവശ്യങ്ങള്‍ക്കുമായി തിരുവനന്തപുരത്ത് പോയി ബുദ്ധിമുട്ടനുഭവിക്കുന്ന മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി കോഴിക്കോടിനെ പി.എസ്.സിയുടെ മേഖലാ കേന്ദ്രമാക്കി മാറ്റുമെന്ന് കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്‍ ചെയര്‍മാന്‍ എം.കെ സക്കീര്‍. കോഴിക്കോട് കേന്ദ്രീകരിച്ച് പി.എസ്.സി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന പല അപേക്ഷകളിലും വന്‍ തെറ്റുകളാണ് സംഭവിക്കുന്നത് . ചിത്രം വയ്‌ക്കേണ്ട സ്ഥാനത്ത് പല അപേക്ഷകളിലും ഒപ്പാണ് വരാറ്. ഇതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപെടുന്നുണ്ട്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച അക്ഷയ കേന്ദ്രങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കോഴിക്കോടും സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ കോളജുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ജൂലായില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തും. സെമിനാറിനോട് അനുബന്ധിച്ച്് ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ സ്റ്റാളുകളും ഒരുക്കും.
ഉദ്ഘാടന ചടങ്ങില്‍ പി.എസ്.സി ജോയിന്റ് സെക്രട്ടറി തങ്കമണിയമ്മ, കോഴിക്കോട് മേഖലാ ഓഫിസര്‍ എന്‍. രാധാകൃഷ്ണന്‍, ജില്ലാ ഓഫിസര്‍ പി.രാജന്‍ സംബന്ധിച്ചു. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാരെ ലക്ഷ്യമാക്കി പി.എസ്.സി കേന്ദ്രത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മൂന്നാം നിലയിലുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."