സമാധാന ശ്രമങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍
#നിസാര്‍ കലയത്ത്
ജിദ്ദ: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹാരവുമായി ഗള്‍ഫ് രാജ്യങ്ങളും. സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തി. യു.എ.ഇ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യ, പാകിസ്താന്‍ ഭരണാധികാരികളുമായി ഫോണില്‍ സംസാരിച്ചു.
തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ഇന്ത്യ, പാകിസ്താന്‍ സംഘര്‍ഷത്തിന് അയവു വരുത്താനുള്ള തിരക്കിട്ട നടപടികളിലാണ് ഗള്‍ഫ് ഭരണാധികാരികള്‍. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ആദ്യം രംഗത്തു വന്നത്. വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പാകിസ്താനിലെത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദേശം കൈമാറിയത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു. പ്രശ്‌നങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നും ചര്‍ച്ചകള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തേണ്ടതിന്റെ പ്രാധാന്യം മുഹമ്മദ് ബിന്‍ സായിദ് ഊന്നിപ്പറഞ്ഞു. പരസ്പരം ഒന്നിക്കാവുന്ന തരത്തില്‍ പൊതു ചരിത്രവും സംസ്‌കാരവുമുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ക്കിടയിലെ ക്രിയാത്മക ബന്ധത്തെ യു.എ.ഇ പിന്തുണയ്ക്കും. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതില്‍ യു.എ.ഇയുടെ താല്‍പര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."