ധാരണയാകാതെ യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച, ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല
#കെ. ജംഷാദ്
കോഴിക്കോട്: മുസ്‌ലിംലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ലെന്ന് സൂചന. ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‌ലിംലീഗ് സംഘത്തെ അറിയിച്ചു.
മൂന്നാം സീറ്റ് ആവശ്യം യോഗത്തില്‍ ലീഗ് നേതാക്കള്‍ ഉന്നയിച്ചെങ്കിലും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിനു സീറ്റ് നല്‍കുമ്പോള്‍ മറ്റു ഘടകകക്ഷികളുടെ കാര്യവും പരിഗണിക്കേണ്ടിവരുമെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമെന്നും ലീഗ് നേതാക്കളോട് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിച്ചു. മൂന്നാംസീറ്റിനു ബദലായി ഒരു ഫോര്‍മുല ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് വച്ചിട്ടുണ്ട്. ഇത് സ്വീകാര്യമാണോ അല്ലെയോ എന്ന് ലീഗ് നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നറിയുന്നു.
ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നും തുടര്‍ന്ന് അന്തിമരൂപമുണ്ടാക്കാമെന്നുമാണ് ധാരണ. ഇതിനു ശേഷം യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു.
യോഗത്തില്‍ സീറ്റ്‌വിഭജന കാര്യത്തില്‍ ധാരണയുണ്ടായോ എന്ന ചോദ്യത്തിന് ഇരു പാര്‍ട്ടികളുടെയും ഉന്നതാധികാര സമിതിക്ക് ശേഷം തീരുമാനം അറിയിക്കാമെന്നും ഞങ്ങള്‍ക്ക് അതു തീരുമാനിക്കാനാകില്ലെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. മൂന്നാം സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചതായി മുസ്‌ലിംലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ഇന്നലെ യോഗത്തില്‍ ഉരുത്തിരിഞ്ഞ നീക്കുപോക്കുകള്‍ ബുധനാഴ്ച പാണക്കാട്ട് നടക്കുന്ന ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ ചര്‍ച്ചചെയ്യും. മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
സീറ്റ് തര്‍ക്കം ഇപ്പോഴില്ലെന്നും യു.ഡി.എഫുമായി 50 വര്‍ഷത്തെ ബന്ധത്തിന് ശൈഥില്യമുണ്ടാക്കുന്ന ഒന്നും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം സീറ്റ് ന്യായമല്ലേയെന്ന ചോദ്യത്തിന്, ന്യായമല്ലാത്ത കാര്യം പാര്‍ട്ടി പറയുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും ഇരുകൂട്ടര്‍ക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."