HOME
DETAILS
MAL
കമ്മിഷണര്‍ക്ക് ഭീഷണി: അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച്
backup
June 18 2018 | 20:06 PM
നെടുമ്പാശ്ശേരി: കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ആദ്യ അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സഹായകമായ നിലപാട് സ്വീകരിക്കുന്നതായി കമ്മിഷണര്‍ സുമിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഐ.ബി ഉദ്യോഗസ്ഥരോടും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി തുടങ്ങി. ഏത് രീതിയിലാണ് തനിക്ക് ഭീഷണി ലഭിച്ചതെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് കള്ളക്കടത്തുകാരെ പിണക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇദ്ദേഹത്തെ അറിയിച്ചതെന്നാണ് സൂചന. കേരളം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കൊച്ചി സോണിന്റെ ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ കൂടിയാണ് സുമിത് കുമാര്‍.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മദ്യ കച്ചവടത്തില്‍ ആറു കോടി രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടിയതും, നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പന്ത്രണ്ടര കോടി രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടിയതുമാണ് ഇദ്ദേഹത്തിനെതിരേ ഭീഷണി ഉയരാന്‍ ഇടയാക്കിയത്.
ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്‌സ് കമ്പനിയുടെ ഡയറക്ടര്‍ ജഗദീഷിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് സ്വദേശിയായ ഇയാളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് നല്‍കിയ നോട്ടിസ് പരിഗണിക്കാതെ ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇതിന്റെ ആദ്യപടിയായി കസ്റ്റംസ് നിയമോപദേശവും തേടിയിട്ടുണ്ട്.
ഇതിനിടെ കേസ് അട്ടിമറിക്കാന്‍ നീക്കം നടന്ന പശ്ചാത്തലത്തില്‍ ഒരു കസ്റ്റംസ് സൂപ്രണ്ട് അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് കസ്റ്റംസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം നേരായ വഴിക്ക് നീങ്ങിയാല്‍ സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, ഡ്യൂട്ടി ഫ്രീ നികുതി വെട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ഒരു സംഘം ഉദ്യോഗസ്ഥര്‍ തന്നെ കുടുങ്ങുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."