കളിക്കാനെത്തിയത് എസ്.ബി.ടി; കളിച്ചത് എസ്.ബി.ഐ കേരള..!
തൃക്കരിപ്പൂര്‍: കളിക്കാനെത്തിയത് എസ്.ബി.ടിയാണ്. പക്ഷെ കളിച്ചതാകട്ടെ എസ്.ബി.ഐ കേരളയും. മറിമായമൊന്നുമല്ല. ടീം അംഗങ്ങളെല്ലാം ഒന്നു തന്നെയാകുമ്പോഴും പേരില്‍ മാത്രമാണ് വ്യത്യാസം വന്നത്. തൃക്കരിപ്പൂരില്‍ നടന്നുവരുന്ന സംസ്ഥാന ഇന്റര്‍ ക്ലബ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കാനാണ് എസ്.ബി.ടി തിരുവനന്തപുരം ടീം തൃക്കരിപ്പൂരിലെത്തിയത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം എസ്.ബി.ടി ബാങ്ക് എസ്.ബി.ഐയില്‍ ലയിച്ചിരുന്നു.
ലയനത്തില്‍ എസ്.ബി.ടി ബാങ്കിനു കീഴിലുള്ള എസ്.ബി.ടി ടീമിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായതുമില്ല. നിലവില്‍ എസ്.ബി.ടിയില്‍ നിന്നു പേരുമാറി എസ്.ബി.ഐയായി മാറിയ ടീമിനെ നിലനിര്‍ത്തുമോ എന്നുള്ള ആശങ്ക ടീമിലുള്ള താരങ്ങള്‍ക്കുണ്ട്.
തൃക്കരിപ്പൂരില്‍ പേരു നല്‍കിയത് എസ്.ബി.ടിയാണെങ്കിലും കളി തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് എസ്.ബി.ഐ കേരള ജഴ്സി ടീമിനെ തേടിയെത്തി. എസ്.ബി.ഐക്കു നിലവില്‍ മുംബൈയിലും ചെന്നെയിലും ടീമുണ്ട്. എസ്.ബി.ഐ കേരള എന്ന നിലയില്‍ എസ്.ബി.ടിയെ നിലനിര്‍ത്തിയാല്‍ കേരളത്തിലെ താരങ്ങള്‍ രക്ഷപ്പെടും.
എസ്.ബി.ഐയുടെ മുംബൈ, ചെന്നൈ ടീമുകള്‍ കേരളത്തിലെ ടീമിനെ പോലെ അത്ര മികച്ചതുമല്ല.
എസ്.ബി.ടി ബാങ്ക് ടീമുമായി ഉണ്ടാക്കിയ ഈ സീസണിലെ കരാര്‍ വ്യവസ്ഥ കഴിയുന്നതുവരെ എസ്.ബി.ഐയില്‍ തുടരാന്‍ ടീമിനെ അനുവദിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും നിലനിര്‍ത്താനോ സാധ്യതയുണ്ടെന്നു ടീമുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."