ചടങ്ങിലൊതുങ്ങി തൃശൂര്‍ പൂരം
തൃശൂര്‍: ഇലഞ്ഞിത്തറ മേളത്തിന്റെ പുരുഷാരവും കുടമാറ്റത്തിന്റെ വിസ്മയവുമില്ലാതെ ചടങ്ങു മാത്രമായി തൃശൂര്‍ പൂരം. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്തിനു ശേഷം ആദ്യമായാണ് പൂരം ചടങ്ങുകളിലൊതുക്കിയത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ അഞ്ചു പേരുടെ സാന്നിധ്യത്തിലുളള താന്ത്രികച്ചടങ്ങ് മാത്രമാണ് ഇന്നലെ നടന്നത്.
രണ്ടു ക്ഷേത്രങ്ങളിലും കുളത്തില്‍ ആറാട്ട് നടന്നു. പുറത്തേക്കുള്ള എഴുന്നള്ളിപ്പുണ്ടായില്ല. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ ശ്രീഭൂതബലി അടക്കമുളള പൂരദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രനടകള്‍ ഒമ്പതു മണിക്ക് അടച്ചതോടെ ആളും ആരവങ്ങളും ആര്‍പ്പുവിളികളുമില്ലാതെ വിടചൊല്ലുകയായിരുന്നു പൂരങ്ങളുടെ പൂരം. ഇന്നും ആറാട്ട് നടക്കും. ദേവിമാരുടെ വിടചൊല്ലലില്ലാതെ പൂരം കൊടിയിറങ്ങും. ഒരാനയുമായി എഴുന്നള്ളിപ്പ് വേണമെന്ന് അവസാന നിമിഷവും പാറമേക്കാവ് വിഭാഗം ആവശ്യമുന്നയിച്ചെങ്കിലും മുന്‍ ധാരണയില്‍ വിട്ടുവീഴ്ചയ്ക്ക് ജില്ലാ ഭരണകൂടം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."