'പഠനഭാരമല്ല' ബാവിക്കര സ്‌കൂളിന് 'അവഗണനയാണ് ഭാരം'
ബോവിക്കാനം: സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്കായി ഉയര്‍ത്തുമ്പോഴും കാസര്‍കോട് ഉപജില്ലയിലെ മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര ഗവ. എല്‍.പി സ്‌കൂളിനോട് ഇന്നും അവഗണന തന്നെ. 1974ല്‍ ആരംഭിച്ച സ്‌കൂളിന് കെട്ടിട സൗകര്യങ്ങള്‍ ഉണ്ടെങ്കിലും മറ്റു സൗകര്യങ്ങളൊരുക്കാന്‍ ഇതുവരെ നടപടികളുണ്ടായിട്ടില്ല. 50ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രധാന അധ്യാപികയടക്കം അഞ്ച് അധ്യാപകരുണ്ടെങ്കിലും ഇതില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് സ്ഥിര നിയമനം.
കൂടാതെ സ്‌കൂളിന് സ്വന്തമായി കുടിവെള്ള സംവിധാനമില്ലാത്തതും ഇവിടെത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഏറെ ദുരിതത്തിലാക്കുന്നു. നിലവില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള വെള്ളമാണ് ആശ്രയം.
അതേസമയം വേനല്‍ക്കാലത്ത് പുഴയില്‍ ഉപ്പുവെള്ളം കയറിയാല്‍ ഈ വെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പിന്നീട് സമീപത്തെ വീടുകളില്‍ നിന്നും മറ്റും കൊണ്ട് വരുന്ന വെള്ളം ഉപയോഗിച്ചാണ് ഉച്ചകഞ്ഞി പാകം ചെയ്യുന്നതും ശുചി മുറികളില്‍ ഉപയോഗിക്കുന്നതും. കഴിഞ്ഞവര്‍ഷം ജല അതോറിറ്റി അധികൃതര്‍ സ്‌കൂളിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചതിനാല്‍ ദിവസങ്ങളോളമാണ് കുടിവെള്ളം പോലുമില്ലാതെ വിദ്യാര്‍ഥികളും അധ്യാപകരും നെട്ടോട്ടമോടിയത്. പിന്നീട് ജില്ലാ കലക്ടറും പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടതൊടേയാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.
അതേസമയം സ്‌കൂളിന് മുന്‍വശം പത്തടിയിലധികം ഉയരത്തില്‍ കെട്ടിയ പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ് വര്‍ഷങ്ങളായെങ്കിലും ഇതുവരെയായി പുനര്‍നിര്‍മിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കുട്ടികള്‍ വീഴാന്‍ സധ്യതയുള്ളതിനാല്‍ മുളകള്‍ കൊണ്ട് താല്‍ക്കാലിക വേലി കെട്ടിയിരിക്കുകയാണിപ്പോള്‍.
ബാവിക്കര റോഡില്‍ നിന്നും സ്‌കൂളിലേക്കുള്ള വഴി മഴവെള്ളമൊഴുകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. സ്‌കൂളിന്റെ മുകള്‍ഭാഗത്തെ റോഡരികില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി എടുത്ത കുഴിയില്‍ നിന്നും കൂട്ടിയിട്ട മണ്ണുകള്‍ മഴവെള്ളത്തില്‍ കുത്തിയൊലിച്ച് ക്ലാസ് മുറികളിലും സ്‌കൂളിന്റെ മുറ്റത്തുമാണ് വന്നുവീണത്. തുടര്‍ന്ന് പ്രധാനാധ്യാപിക സ്വന്തം കൈയില്‍നിന്ന് പണം മുടക്കി മണ്ണ് നീക്കം ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹെടെക്ക് ആക്കിയാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിച്ചേരുമെന്നാണ് പി.ടി.എ ഭാരവാഹികള്‍ പറയുന്നത്. സ്‌കൂളിന്റെ നിലവാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."