റോഡ് തകര്‍ച്ചയും ട്രെയിന്‍ സ്റ്റോപ്പ് വിഷയവും തിരൂരില്‍ ചൂടുപിടിച്ച രാഷ്ട്രീയ വിവാദം
തിരൂര്‍: സാധാരണക്കാരായ യാത്രക്കാര്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ സൗകര്യമൊരുക്കി കൊച്ചുവേളി -മംഗലാപുരം റൂട്ടില്‍ റെയില്‍വേ അനുവദിച്ച അന്ത്യോദയ എക്‌സ്പ്രസിന് ജില്ലയിലെ പ്രധാനസ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതും തിരൂര്‍- ചമ്രവട്ടം റോഡിന്റെ തകര്‍ച്ചയും സംബന്ധിച്ച രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു.
റോഡ് തകര്‍ച്ചയെ തുടര്‍ന്ന് ബൈക്ക് യാത്രിക മരിച്ച സംഭവം ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ അന്ത്യോദയ എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായ എം.പി പരാജയമാണെന്ന് ആരോപിച്ചാണ് സി.പി.എം- ഡി.വൈ.എഫ്.ഐ നീക്കം.
രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ വിവാദമായ വിഷയത്തില്‍ ശക്തമായ നിലപാടുമായി മുസ്‌ലിം ലീഗും സി.പി.എമ്മും സി.പി.ഐയും രംഗത്തുവന്നതോടെയാണ് തിരൂരില്‍ സ്റ്റോപ്പില്ലാ ട്രെയിനുകള്‍ സംബന്ധിച്ച വിഷയം ചൂടുപിടിച്ചത്. എന്നാല്‍ വിഷയത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ അവസരമുള്ള ബി.ജെ.പി ഇതുവരെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുമില്ല. തിരൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന എം.പി ഇ.ടി മുഹമ്മദ് ബഷീറിനെതിരേയും അതുവഴി ലീഗിനെതിരേയുമുള്ള ആയുധമാക്കാനുള്ള ആരോപണങ്ങളുമായി സി.പി.എം- ഡി.വൈ.എഫ്.ഐ സംഘടനകള്‍ വിഷയത്തില്‍ സജീവമായതോടെ ലീഗും ഇക്കാര്യത്തില്‍ ബി.ജെ.പിയോടുള്ള സി.പി.എം മാര്‍ദവം ആരോപിച്ചാണ് ലീഗിന്റെ പ്രതിരോധം.
അന്ത്യോദയ അടക്കമുള്ള ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ഇരുസംഘടനകളും റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെ സി.പി.ഐയും ട്രെയിനിന് സ്റ്റോപ്പില്ലാ പ്രശ്‌നത്തില്‍ സമരവും പ്രഖ്യാപിച്ചു കഴിഞ്ഞു.
വരും നാളുകളില്‍ മറ്റ് സംഘടനകളും ഇക്കാര്യം ഉന്നയിച്ച് സമരരംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ്. തിരൂര്‍- ചമ്രവട്ടം റോഡിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് വീണ് സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവിനെതിരേ പൊലിസ് കേസെടുത്തതും വിവാദമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."