ബി.ഡി.ജെ എസ് പിളര്‍ന്നു: പുതിയ പാര്‍ട്ടിക്ക് വെള്ളാപ്പള്ളിയുടെ ആശീര്‍വാദമെന്ന്
തിരുവനന്തപുരം: എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. പിളര്‍ന്നു, ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബി.ഡി.ജെ.എസിനുള്ളില്‍ ജനാധിപത്യം നഷ്ടപ്പെട്ടന്നാരോപിച്ചാണ് ഒരു വിഭാഗം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ബാങ്ക് എംപ്ലോയീസ് യൂനിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി.ഡി.ജെ.എസ് തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് ചൂഴാല്‍ ജി. നിര്‍മലനാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയില്‍ ചില വ്യക്തികളുടെ താല്പര്യങ്ങള് മാത്രമാണ് നടപ്പാകുന്നതെന്നും ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ആ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.
എല്ലാ ജില്ലകളിലും പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥരായ നിരവധി പേരുണ്ട്. അവെരാക്കെ പുതുതായി രൂപീകരിച്ച പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചൂഴാല്‍ നിര്‍മ്മലനെ ഏകപക്ഷീയമായി മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപവല്‍കരണത്തില്‍ എത്തിയത്. എസ്.എന്‍.ഡി.പി യോഗം പാറശാല യൂനിയന്‍ സെക്രട്ടറി കൂടിയായ നിര്‍മ്മലന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആശീര്‍വാദത്തോടെയാണെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."