കീഴുപറമ്പ് പി.എച്ച്.സിയില്‍ അഞ്ഞൂറോളം രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം
അരീക്കോട്: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും കീഴുപറമ്പ് പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മാസം അഞ്ചുപേര്‍ക്കും ഈ മാസം ഇതുവരെ 32 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിക്കുകയും ചെയ്തു. കീഴുപറമ്പ് കുനിയില്‍ ഏന്ത്രത്ത് പനങ്ങാപുറം മൊക്കന്‍ റസാഖ് (58) ആണ് വെള്ളിയാഴ്ച ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ദിനേനെ ശരാശരി അഞ്ഞൂറോളം രോഗികളാണ് കീഴുപറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്.
37 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതിന് പുറമെ 270 പേര്‍ വയറിളക്ക രോഗവും പനിയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ചികിത്സിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. അഞ്ഞൂറോളം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണ് കീഴുപറമ്പിലുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ഒ.പി പ്രവര്‍ത്തിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഡോക്ടര്‍ കുത്തിവയ്പിനും മറ്റും പോയാല്‍ രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത അസ്ഥയാണുള്ളത്. ഒരു ഡോക്ടറും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഫാര്‍മസിസ്റ്റും മാത്രമായതോടെ രോഗികള്‍ പ്രയാസപ്പെടുകയാണ്.
സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനാല്‍ ഇഞ്ചക്ഷന്‍ എടുക്കലും നടക്കുന്നില്ല. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ മാത്രമാണ് ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ എടുക്കുന്നത്. അതിനിടയില്‍ ടി.ടി അടിക്കണമെങ്കില്‍ പോലും ദിവസങ്ങള്‍ കാത്തിരിക്കണം. ഇതിനിടയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും പനി ബാധിച്ചതോടെ രോഗികളുടെ പ്രയാസം ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കീഴുപറമ്പ് പഞ്ചായത്ത് അധികൃതര്‍ താല്‍ക്കാലികമായി ഒരു അധിക ഡോക്ടറെ നിയമിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെ അധിക ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശുചിത്വ ഹര്‍ത്താലുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ദിനേനെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കീഴുപറമ്പിലെ തൃക്കളയൂര്‍, കല്ലിട്ടപാലം, വാലില്ലാപുഴ, പത്തനാപുരം പള്ളിപ്പടി, വാദിന്നൂര്‍ വാര്‍ഡുകളിലാണ് കൂടുതലായും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 25 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നലെ ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം.പി മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തിയും നടത്തും. കഴിഞ്ഞ ദിവസം വാലില്ലാപുഴ, വാദിന്നൂര്‍ പ്രദേശങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.അബ്ദുറഷീദ്, വാര്‍ഡ് അംഗം ഷഹര്‍ബാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് റൗണ്ട് ഫോഗിങ് നടത്തി. യോഗത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.ബൈജു, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്‍ നജീബ് കാരങ്ങാടന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.അനസൂയ, ഡോ.പി.അബ്ദുല്ല, എച്ച്.ഐ ഇ.അബ്ദുറഷീദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."