വൈറ്റില ഗതാഗതക്കുരുക്ക്: ബസുടമകളും ജീവനക്കാരും ധര്‍ണ നടത്തും
കൊച്ചി: വൈറ്റില മേല്‍പ്പാല നിര്‍മാണത്തിന് പുറമേ റോഡിന്റെ ശോച്യാവസ്ഥയുംമൂലം വൈറ്റില ജങ്ഷനിലെ ഗതാഗത കുരുക്കിനെതിരേ ബസുടമകള്‍ പ്രക്ഷോഭത്തിന് . വൈറ്റിലയിലെ ഗതാഗതകുരുക്കിന് ശ്വാശതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബസുടമകളും ജീവനക്കാരും ധര്‍ണ്ണ നടത്തുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് റോഡിലെ കുഴികള്‍ ശരിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വേണ്ട നടപടികള്‍ എടുത്തിട്ടില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംബി സത്യന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് ബസിന് അറ്റകുറ്റപ്പണികള്‍ സ്ഥിരമാകുകയാണ്. നാല് ട്രിപ്പുകള്‍ ഓടിക്കൊണ്ടിരുന്ന ബസുകള്‍ രണ്ട് ട്രിപ്പുകള്‍ ഓടാന്‍ പോലും പാടുപെടുകയാണ്.
റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഇന്ധനച്ചെലവും അധികമാണ്. ദിവസേന അഞ്ച് മുതല്‍ 10 ലിറ്റര്‍ വരെ ഇന്ധനമാണ് കൂടുതലായി വേണ്ടിവരുന്നത്. വിദ്യാര്‍ത്ഥികള്‍, ഓഫിസ് ജീവനക്കാര്‍,നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ റോഡ് ഉപരോധത്തിനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊതുജന ബുദ്ധിമുട്ട് പരിഗണിച്ചാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ വൈറ്റില ജങ്ഷനിലാണ് ധര്‍ണ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."