പാലായില്‍ എത്തുന്നത് ആധുനിക ക്യാന്‍സര്‍ ചികിത്സാ ഉപകരണങ്ങള്‍
പാലാ: വളരെ ചിലവേറിയ ചികിത്സാ മേഖലയായ ക്യാന്‍സര്‍ വിഭാഗത്തിനായി പാലായില്‍ കേന്ദ്ര സഹായത്തോടെ ആധുനിക ഉപകരണങ്ങള്‍ക്കായുള്ള പദ്ധതിക്ക് കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് തിരുവനന്തപുരം ആര്‍.സി.സി.യിലേക്കും കോട്ടയത്തും എറണാകുളത്തും മാത്രമായുള്ള വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കും പോകേണ്ടിയിരുന്ന സാഹചര്യം ഒഴിവാകുകയാണ്.
മറ്റ് ക്യാന്‍സര് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പാലാ ഗവ. ജനറല്‍ ആശുപത്രിയോട് അനുബന്ധിച്ചാകയാല്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ആധുനിക ചികിത്സ ലഭ്യമാകും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്ക് പ്രദേശത്തുള്ളവര്‍ക്കും മീനച്ചില്‍ താലൂക്കിനോട് അതിര്‍ത്തി പങ്കിടുന്ന തൊടുപുഴ, പീരുമേട് മേഖലയിലുള്ള രോഗികള്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.ഈ വര്‍ഷം ആരംഭത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ക്യാന്‍സര്‍ വിഭാഗത്തില്‍ ഇന്ന് വളരെയേറെപ്പേര്‍ ചികിത്സ തേടുന്നുണ്ട്.
റേഡിയേഷന്‍ ഒഴികെയുള്ള എല്ലാ ചികിത്സയും ഇവിടെ സൗജന്യമാണ്. ഡോ. പി.എസ്. ശബരീനാഥാണ് ക്യാന്‍സര്‍ വിഭാഗം മേധാവി. റേഡിയേഷന്‍ ചികിത്സയ്ക്കായുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ പ്രത്യേകം തയ്യാര്‍ ചെയ്ത കെട്ടിട സൗകര്യങ്ങള്‍ ഉണ്ടാക്കുവാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലായ കാത്ത്‌ലാബ് ബ്ലോക്കില്‍ ക്യാന്‍സര്‍ വാര്‍ഡും ഒ.പി.യും ക്രമീകരിക്കും. ഇതിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ തീരുമാനമായി. ജോസ് കെ. മാണി എം.പി. കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന് നല്‍കിയ അഞ്ച് കോടിയുടെ പദ്ധതി അംഗീകരിക്കുകയും പ്രാഥമികമായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു.
പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പാലാ നഗരസഭയ്ക്ക് ലഭിച്ചു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായിട്ടാണ് കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ് പണം അനുവദിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ക്യാന്‍സര്‍ ചികിത്സാമേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേരുന്നതിന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
നഗരസഭാദ്ധ്യക്ഷ പ്രൊഫ. സെലിന്‍ റോയിയുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജിംഗ് കമ്മറ്റി തുടര്‍നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞു. ആധുനിക ക്യാന്‍സര്‍ ചികിത്സയ്ക്കായുളള നൂതന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക കെട്ടിടസമുച്ചയത്തിനായി ആവശ്യമായ തുക ലഭ്യമാക്കുമെന്ന് കെ.എം. മാണി എം.എല്‍.എ. അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാഹയം ഇതിനായി തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."