അനധികൃത നിര്‍മാണം; നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
നെയ്യാറ്റിന്‍കര: നഗരസഭ പരിസരത്ത് അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്ന് ആരോപിച്ച് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ശ്രീകണ്ഠന്‍നായര്‍ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ പരിധിയില്‍ വരുന്ന മണലൂര്‍ ഏലായിലെ ഗ്രീന്‍ ബെല്‍റ്റില്‍ ഉള്‍പ്പെടുന്ന വയല്‍ നികത്തി ട്രിവാന്‍ഡ്രം കോണ്‍ക്രീറ്റ്‌സ് എന്ന പേരില്‍ ഹോളോ ബ്രിക്‌സ് നിര്‍മാണ യൂനിറ്റ് ആരംഭിക്കാനുള്ള അനധികൃത നിര്‍മാണത്തിനെതിരേയായിരുന്നു ശ്രീകണ്ഠന്‍നായരുടെ ഒറ്റയാള്‍ സമരം. സെക്രട്ടറിയുടെ ചേമ്പറിനകത്ത് തറയില്‍ കുത്തിയിരുന്നുകൊണ്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
അനധികൃത നിര്‍മാണം അടിയന്തിരമായി നിറുത്തിവയ്ക്കണമെന്നും സര്‍ക്കാര്‍ ഗ്രീന്‍ ബെല്‍റ്റായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശം അതേപടി സംരക്ഷിക്കണമെന്നും നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ശ്രീകണ്ഠന്‍നായര്‍ ആവശ്യപ്പെട്ടു. അനധികൃത നിര്‍മാണം നടക്കുന്ന 1 ഏക്കര്‍ 30 സെന്റ് ഭൂമി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജികുമാര്‍ എന്നയാള്‍ വിജയന്‍ തോമസിന് വിറ്റിരുന്നു. 6 ഏക്കറുളള പുരയിടത്തില്‍ നിന്നാണ് 1 ഏക്കര്‍ 30 സെന്റ് ഭൂമി സജികുമാര്‍ വിറ്റത്. 6 ഏക്കറില്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ സജികുമാര്‍ നഗരസഭയുടെ പെര്‍മിറ്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയിരുന്നു. ഈ പെര്‍മിറ്റാണ് സജികുമാര്‍ അറിയാതെ പേര് മാറ്റി ഭൂമിയുടെ സ്ഥാനവും മാറ്റി ഇപ്പോള്‍ അനധികൃതമായി നിര്‍മാണം നടത്തുന്നത് എന്നാണ് ആരോപണം.
ഇന്നലെ രാവിലെ 11.30 ഓടെ ഉപരോധ സമരം ശക്തി പ്രാവിക്കുകയും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രീകണ്ഠന്‍നായര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് സമരത്തില്‍ പങ്ക് ചേരുകയുമായിരുന്നു. സ്വതന്ത്ര കൗണ്‍സിലര്‍ എസ്.എസ് ജയകുമാര്‍ കെ.പി ശ്രീകണ്ഠന്‍നായരുമായും നഗരസഭ സെക്രട്ടറി സജിയുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രസ്തുത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കാം എന്ന് സെക്രട്ടറി ഉറപ്പ് നല്‍കുകയായിരുന്നു. മറ്റ് നടപടികള്‍ നഗരസഭ എന്‍ജിനിയറിങ് സെക്ഷന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി.
എന്നാല്‍ സെക്രട്ടറിയോടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി നല്‍കിയില്ല. അനധികൃത നിര്‍മാണം നടക്കുന്ന സ്ഥലത്ത് പരിശോധിക്കുന്നതിനെത്തിയ നഗരസഭ എന്‍ജിനിയറെ അനധികൃത നിര്‍മാണം നടത്തുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതി സെക്രട്ടറിയ്ക്ക് ലഭിച്ചിട്ട് എന്ത് നടപടി സ്വീകരിച്ചുയെന്ന ചോദ്യത്തിന് ഒരു മറുപടിയും നല്‍കാതെ സീറ്റില്‍ നിന്നും എണീറ്റ് പോവുകയാണുണ്ടായത്.
ശ്രീകണ്ഠന്‍നായരുടെ സമരം തന്റെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാകുന്നു എന്ന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പൊലിസ് സ്ഥലത്ത് എത്തിയിരുന്നു. അനുരഞ്ജന സംഭാഷണത്തിന് സ്വതന്ത്ര കൗണ്‍സിലര്‍ എസ്.എസ് ജയകുമാര്‍, അജിത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."