'ദീ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും കരുത്തയായ പെണ്ണാണ് നീ, നിന്നെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും ഭയപ്പെടുത്താനാവില്ല'- സഫൂറ സര്‍ഗറിന് കുഞ്ഞനിയത്തിയുടെ കത്ത്
സഫൂ ദീ
നാളേറെയായി നാം തമ്മില്‍ സംസാരിച്ചിട്ട്. ശരിക്കും പറഞ്ഞാല്‍ പരസ്പരം ഗുസ്തി പിടിക്കാത്ത ഇത്രയേറെ നാളുകള്‍ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞു പോയിട്ടുണ്ടാവില്ല. ആദ്യം തന്നെ പറയട്ടെ. നമ്മുടെ കുടുംബം സുഖമായിരിക്കുന്നു. ഇത്തിരി പരിഭ്രമം ഒക്കെ ഉണ്ടായിരുന്നു ആദ്യം. ചിലപ്പോഴൊക്കെ ഞങ്ങള്‍ കരയാറുണ്ട്. എന്നാല്‍ നീ വിഷമിക്കണ്ട. ഇതൊക്കെ ഈ പ്രക്രിയയുടെ ഭാഗമാണല്ലോ.
ലോക്ക്ഡൗണ്‍ നീയുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുന്നു. അല്ലെങ്കിലും നിന്നെ കാണുക എന്നത് അത്ര എളുപ്പമൊന്നുമായിരിക്കില്ലല്ലോ. സത്യം പറഞ്ഞാല്‍ ഇത് മന്ദഗതിയിലുള്ള ഒരു മരണം തന്നെയാണ്. എന്നാല്‍ 'അക്രമാസക്ത'രായ പെണ്‍കുട്ടികളായിട്ടല്ലേ ഉപ്പയും ഉമ്മയും വളര്‍ത്തിയത്. അതുകൊണ്ടു തന്നെ നമ്മളെ പെട്ടെന്നൊന്നും ആര്‍ക്കും ഭയപ്പെടുത്താനാവില്ല. സോറി. ഇത് എത്ര കാഠിന്യമുള്ളതായാലും അതൊന്നും ഒരു വിഷയമേ അല്ല. ഇതിനൊന്നും നിന്നെയോ ഞങ്ങളെയോ ഒന്നും ചെയ്യാനാവില്ല. ഞങ്ങളെയൊക്കെ വിഢികളാക്കി പതിവു പോലെ ജീവിതത്തിലെ ഈ പരീക്ഷയിലും നീ ഒന്നാം സ്ഥാനത്തെത്തുമെന്ന് എനിക്കുറപ്പാണ്.
പ്രിയപ്പെട്ടവളേ..ജീവിതം നിന്നെ എവിടെയാണെത്തിച്ചതെന്ന് നീ അദ്ഭുതപ്പെടുന്നുണ്ടാവും. എനിക്കും അതേ അവസ്ഥയാണ് (പുലര്‍ച്ചെ മൂന്നു മണിക്കിരുന്നാണ് ഞാനിത് എഴുതുന്നതെന്ന് ഓര്‍ക്കണം). എന്നാല്‍ അതോടൊപ്പം ഈ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന അവിശ്വസനീയമായ കരുത്തും ഞാന്‍ കാണുന്നു. എന്റെ ശുഭാപ്തി വിശ്വാസത്തെ നീ എപ്പോഴും കളിയാക്കാറില്ലേ. എന്നാല്‍ ഇപ്പോഴും ഞാന്‍ പറയുന്നു. ഈ പോരാട്ടങ്ങളെല്ലാം പോരാടിയ ശേഷം നാം പഴയതു പോലെ തന്നെ സന്തോഷത്തോടെയിരിക്കും. എനിക്കുറപ്പാണത്.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച ഏറ്റവും കരുത്തയായ പെണ്ണാണ് നീ. നിനക്കുവേണ്ടി ആയിരങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നതും ഞാനിപ്പോ കാണുന്നുണ്ട് പ്രിയപ്പെട്ടവളേ. കൂടുതല്‍ കരുത്താര്‍ജ്ജിക്കാനായി നിന്റെ ഓര്‍മകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍. നിന്നെ പോലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവളാവാന്‍, ദയാവായ്പുള്ളവളാവാന്‍, എല്ലാവരേയും സ്‌നേഹിക്കുന്നവളാവാന്‍, ഒരുപാടൊരുപാട് ധൈര്യമുള്ളവളാവാന്‍...ഒക്കെ ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ് പ്രിയേ. എന്നാല്‍ ഞാന്‍ തോറ്റുപോവുന്നു. നിന്നെ പോല ആവുക എന്നത് അത്ര എളുപ്പമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. നിന്നെപ്പോലെ നീ മാത്രമേ ഉള്ളൂ ദീദി. നിന്നിലേക്കെത്തുമെന്ന പ്രതീക്ഷയുടെ നേരിയ വെള്ളിവെളിച്ചത്തിലാണ് ഞാന്‍ എഴുത്തെഴുതുന്നത്. അതെങ്ങിനെയെന്ന് ദൈവത്തിനേ അറിയൂ. ഒരിക്കല്‍ കൂടി പറയട്ടേ നിനക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയായി ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്. നാം കാണുക തന്നെ ചെയ്യും.
പുലര്‍ച്ചെ മൂന്നു മണിക്കുള്ള നിന്റെ മാഗിക്കായി കാത്തിരിക്കുന്നു.
ഒത്തിരി ഇഷ്ടത്തോടെ സമീയ
Dear Sister @SafooraZargar pic.twitter.com/6XcSrbkgWp
— Sameeya_Zargar (@SameeyaZ) May 3, 2020
ജാമിഅയിലെ വിദ്യാര്‍ഥി നേതാവും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന സഫൂറ സര്‍ഗാറിനെ ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി വംശഹത്യയുടെ മുഖ്യ സൂത്രധാരയെന്നാരോപിച്ചാണ് ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്യുന്നതും യു.എ.പി.എ ചുമത്തുന്നതും. ഈ സന്ദര്‍ഭത്തിലാണ് സഹോദരിയായ സമീയ വൈകാരികമായ പ്രതികരണവുമായ സഫൂറക്ക് തുറന്ന കത്തെഴുതിയത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സമീയ കത്ത് പുറത്ത് വിട്ടത്.
ന്യൂഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുള്ള തിഹാര്‍ ജയിലില്‍ ഏകാന്തത്തടവിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."