താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി: മാനസികാസ്വാസ്ഥ്യമുള്ളയാള്‍ അറസ്റ്റില്‍
തിരൂര്‍: താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലിസില്‍ വ്യാജ ഫോണ്‍ സന്ദേശം നല്കിയ യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി കള്ളിയത്ത് ഇസ്മാഈലിനെയാണ് താനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.20ഓടെ തന്റെ മൊബൈല്‍ ഫോണില്‍ നിന്നു മലപ്പുറം പൊലിസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു ഇയാള്‍. ഭീഷണിയെ തുടര്‍ന്ന് തിരൂര്‍ ഡി.വൈ.എസ്.പി സന്തോഷ്, താനൂര്‍ സി.ഐ ബിജോയ് , എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറത്തു നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ബോംബ് സ്ക്വാഡും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തി.
എന്നാല്‍ യാതൊരു വിധ തെളിവുകളും ലഭിച്ചില്ല. തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബോംബ് ഭീഷണി പുറത്തറിഞ്ഞതോടെ യാത്രക്കാരും റെയില്‍വേ സ്റ്റേഷന് ജീവനക്കാരും പ്രദേശവാസികളും ആശങ്കയിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഭീഷണി ഉയര്‍ത്തിയ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്ത് താനൂര്‍ കാരാട് ഭാഗത്തു നിന്നാണ് ഇസ്മാഈലിനെ പിടികൂടിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലിസ് പറഞ്ഞു. ഭീഷണി വ്യാജമാണെന്നറിഞ്ഞതോടെയാണ് ആശങ്ക അവസാനിച്ചത്. എന്നാല്‍ ഇതിനിടെ നിരവധിപേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ഇസ്മാഈലിനെ പൊലിസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."