കൂട്ടത്തോടെയുള്ള മടക്കം ആഘാതമാകരുത്
പ്രവാസികളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിനു നാളെ നാന്ദി കുറിക്കുകയാണ്. 12 വിദേശ രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ ആദ്യ ആഴ്ചയില്‍ എത്തുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് നാളെ മുതല്‍ പ്രവാസികള്‍ എത്തുന്നത്. മാലദ്വീപിലുള്ളവരെ തിരികെയെത്തിക്കാന്‍ കഴിഞ്ഞ ദിവസം കപ്പല്‍ അങ്ങോട്ടു പുറപ്പെട്ടിരിക്കുകയാണ്. ആദ്യ ദിവസമായ നാളെ 800 പേര്‍ വന്നിറങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ 3,150 പ്രവാസികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനിടയില്‍ തന്നെയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ എത്തിക്കൊണ്ടിരിക്കുന്നത്. നാട്ടിലേക്കു പ്രവേശിക്കാന്‍ അതിര്‍ത്തികളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് അവരൊക്കെയും വളരെ വൈകാതെ തന്നെ നാട്ടിലെത്തും.
കൊവിഡ് കാരണം അന്യസംസ്ഥാനങ്ങളിലും വിദേശരാഷ്ട്രങ്ങളിലും കുടുങ്ങിപ്പോയ നമ്മുടെ സഹോദരങ്ങളെ തിരികെയെത്തിക്കുക എന്നത് നമ്മുടെ ബാധ്യത തന്നെയാണ്. കൊവിഡ് ലോകത്തു വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതിനു വേണ്ടിയുള്ള മുറവിളി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തുടങ്ങിയിരുന്നു.മറ്റു രാജ്യങ്ങളൊക്കെയും അവരുടെ പൗരരെ തിരികെ കൊണ്ടുപോയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിച്ച അലംഭാവം ഏറെ ഒച്ചപ്പാടുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സജ്ജമായിരിക്കുകയാണ്. നാളെ കേരളത്തില്‍ 800 പേര്‍ വന്നിറങ്ങുമ്പോള്‍ അവര്‍ക്കു വേണ്ട സജ്ജീകരണങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വലിയ പ്രയാസങ്ങളൊന്നുമുണ്ടാവില്ല. വളരെ നേരത്തെ തന്നെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണ കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ഇതിലൊരു വെല്ലുവിളി വിദേശത്തു നിന്ന് വരുന്ന പ്രവാസികളില്‍ പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍ അവരവരുടെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നതാണ്. ഇതു പലവിധ പ്രയാസങ്ങള്‍ക്കായിരിക്കും ഇടവരുത്തുക. പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ കര്‍ശനമായ നിരീക്ഷണത്തില്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇവരുമായി വീട്ടുകാര്‍ ഇടപെടാനുള്ള സാധ്യതയും ഏറെയാണ്. ഇവരുമായി എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ച് വീട്ടുകാര്‍ക്കു പരിശീലനം നല്‍കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതൊക്കെ എത്രമാത്രം പ്രായോഗികമാണ്? ഒരു വീട്ടില്‍ ഒരാള്‍ എത്ര ദിവസമെന്നു കരുതിയാണ് ഏകാന്തവാസത്തില്‍ കഴിയുക? പ്രത്യക്ഷത്തില്‍ രോഗലക്ഷണം കാണിക്കാത്തതുകൊണ്ട് കുറച്ചു ദിവസം കഴിഞ്ഞാല്‍ വീട്ടുകാര്‍ സ്വാഭാവികമായും ഇവരുമായി ഇടപെടാനുള്ള സാധ്യതയുമുണ്ട്. അത് ഏറെ അപകടകരവുമാണ്. കാരണം പുറമേക്ക് കൊവിഡ് ലക്ഷണം കാണിക്കാത്ത രോഗികള്‍ 50 ശതമാനത്തോളം വരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വ്യാപനത്തെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയ സംസ്ഥാന ആരോഗ്യ വകുപ്പിനു മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയാകില്ലേ വീടുകളിലെ ഈ നിരീക്ഷണപ്പാര്‍പ്പിക്കല്‍?
മറ്റൊരു വെല്ലുവിളി രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ പ്രകടിപ്പിക്കുന്ന പ്രവാസികളെ 14 ദിവസത്തേക്കു മാത്രം നിരീക്ഷണത്തില്‍ വയ്ക്കാനാണിപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെന്നതാണ്. 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിട്ടും പോസിറ്റീവ് കാണിക്കാത്തവര്‍ അതിനു ശേഷം പോസിറ്റീവായ എത്രയോ സംഭവങ്ങളും നെഗറ്റീവും പോസിറ്റീവും മാറിമറിഞ്ഞു വന്ന സംഭവങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായ ഇറ്റലി, ബ്രിട്ടന്‍, അമേരിക്ക, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രവാസികള്‍ സംസ്ഥാനത്തെത്തുമ്പോള്‍ ലാഘവത്തോടെയുള്ള കരുതല്‍ എന്നതിനപ്പുറം, ഇതുവരെ പുലര്‍ത്തിപ്പോന്ന കര്‍ശനമായ കരുതല്‍ തന്നെയാണ് വേണ്ടത്. ഇപ്പോള്‍ തന്നെ മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കുറേക്കൂടി ഇളവുകള്‍ വന്നപ്പോള്‍ ജനം അതു തെരുവില്‍ ആഘോഷിക്കുന്ന കാഴ്ചയാണ് പലയിടത്തും. ശാരീരിക അകലം പാലിക്കാന്‍ പലരും മെനക്കെട്ടില്ല. പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുകള്‍ അനുഭവപ്പെടുകയും ചെയ്തു.
മറ്റൊരു വെല്ലുവിളിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് പരിരക്ഷ ഒരുക്കുക എന്നത്. കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് മലയാളികള്‍ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടുകയാണ്. അവിടെ നിന്നാണ് മലയാളികള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതും. ഇവിടെയാണെങ്കില്‍ ഇളവുകള്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന പൊതു സമൂഹവും.
ഇളവുകള്‍ക്കിടയിലും ശാരീരിക അകലം പുലര്‍ത്തുന്നതില്‍ കര്‍ശനമായ നിലപാട് തന്നെ തുടരണം. മാസ്‌ക് നിര്‍ബന്ധമായും എല്ലാവരും ധരിക്കണം. അനാവശ്യമായി റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരണം. എല്ലാറ്റിനും പുറമെ വിദേശത്തു നിന്ന് വരുന്നവരെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും കര്‍ശന നിരിക്ഷണത്തിനു തന്നെ വിധേയമാക്കണം. അല്ലാപക്ഷം കൊവിഡ് പ്രതിരോധ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും നേടിയെടുത്ത പ്രശംസകളും വെള്ളത്തില്‍ വരച്ച വരപോലെയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."