മെട്രോ വാര്‍ഷികം; സൗജന്യയാത്ര ആഘോഷമാക്കി യാത്രക്കാര്‍
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് (കെ.എം.ആര്‍.എല്‍) നടപ്പാക്കിയ ഒരു ദിവസത്തെ യാത്രാ സൗജന്യം യാത്രക്കാര്‍ ആഘോഷമാക്കി. ലഭ്യമായ കണക്കനുസരിച്ച് 1,04,022 പേര്‍ മെട്രോയില്‍ യാത്രചെയ്തു. ഇത് റെക്കോര്‍ഡാണ്. മെട്രോ ഉദ്ഘാടനത്തിന് ശേഷം ആദ്യ ആഴ്ചയില്‍ തൊണ്ണൂറായിരത്തിന് മുകളില്‍ യാത്രക്കാരെത്തിയതാണ് ഇതിനു മുന്‍പുള്ള ഒരു ദിവസത്തെ മികച്ച കണക്ക്. സൗജന്യ യാത്രാ ദിനത്തിലെ മുഴുവന്‍ സമയ കണക്ക് ലഭ്യമാകുമ്പോള്‍ യാത്രക്കാരുടെ എണ്ണം ഇതിലുമേറുമെന്ന് അധികൃതര്‍ പറഞ്ഞു.
രാവിലെ ആറിന് ആദ്യ സര്‍വിസ് ആരംഭിച്ചപ്പോള്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ പതിവിലും വര്‍ധന ഉണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചും ബസുകള്‍ ഉപേക്ഷിച്ചും ആളുകള്‍ മെട്രോയില്‍ എത്തി. പതിനൊന്നു മണി കഴിഞ്ഞതോടെ നിയന്ത്രിക്കാനാകാത്തവിധം തിരക്കായിരുന്നു പ്രധാന സ്റ്റേഷനുകളില്‍. ഒരു ട്രെയിനില്‍ പരമാവധി 940 യാത്രക്കാര്‍ക്കേ കയറാന്‍ ആകൂ. ഏറെ തിരക്കുണ്ടായ ഉച്ചയ്ക്കു ശേഷമുള്ള സമയത്ത് കോണ്‍കോഴ്‌സ് ഏരിയയിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കേണ്ടിവന്നു.
വിദ്യാര്‍ഥികളാണ് അധികമായും യാത്ര പ്രയോജനപ്പെടുത്തിയത്. ജോലിക്കാരും വീട്ടമ്മമാരും ഷോപ്പിങ്ങിനായി നഗരത്തിലേക്ക് വന്നവരുമൊക്കെ സൗജന്യ യാത്ര ആഘോഷമാക്കി. ഇതുവരെ യാത്ര ചെയ്യാത്തവരും യാത്രക്കാരായി. യാത്രക്കാര്‍ ഏറെ എത്താന്‍ സാധ്യതയുണ്ടായിരുന്ന ആലുവ, ഇടപ്പള്ളി, മഹാരാജാസ് സ്റ്റേഷനുകളില്‍ കൂടുതല്‍ വിറ്റുപോകുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ പ്രിന്റു ചെയ്തു വച്ചിരുന്നു. ഇതുമൂലം ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ വലിയ തിരക്കു ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിച്ചു. യാത്രക്കാരെ നിയന്ത്രിക്കാനായി ഇരട്ടി പൊലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. മെട്രോയിലെ ജോലിക്കാര്‍ ഇന്നലെ അധിക സമയം ജോലി എടുക്കേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."