പരീക്ഷാ മൂല്യനിര്‍ണയ ജോലികള്‍ ബഹിഷ്‌കരിക്കുമെന്ന് ടീച്ചേഴ്സ് അസോസിയേഷന്‍
കാഞ്ഞങ്ങാട്: മുന്‍ കാലങ്ങളില്‍ പരീക്ഷാ ജോലികള്‍ ചെയ്തു തീര്‍ത്തതിനു ലഭിക്കേണ്ട കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു വച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കാലിക്കറ്റ്, എം.ജി സര്‍വകശാലകളിലെ ഏപ്രില്‍, മെയ് മാസങ്ങളിലെ മൂല്യ നിര്‍ണയം അടക്കമുള്ള ജോലികള്‍ ബഹിഷ്‌കരിക്കുമെന്ന് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.ജി.സി എണ്‍പത് ശതമാനം തുകയും അനുവദിച്ചതിനു ശേഷം ഓഡിറ്റര്‍ ജനറലിന്റെ വാക്ക് കേട്ട് ഇരുപത് ശതമാനം വരുന്ന തുകയാണ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞ് വച്ചത്. ഫലത്തില്‍ ഇപ്പോള്‍ പരീക്ഷാജോലി ചെയ്തതിനുള്ള പ്രതിഫലം തീരെ ലഭിക്കാത്ത സ്ഥിതി വിശേഷമാണുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ അധ്യാപകര്‍ക്ക് ഒഴിവ് ദിവസങ്ങളാണ്. ആ കാലത്താണ് സ്വാശ്രയ കോളേജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ പേപ്പറുകള്‍ യാതൊരു വേതനവും പറ്റാതെ വര്‍ഷങ്ങളായി മൂല്യ നിര്‍ണയം നടത്തി വരുന്നത്. ഒരു അധ്യാപകന്‍ തന്നെ അറുനൂറും എഴുന്നൂറും പരീക്ഷാ പേപ്പറുകളാണ് മൂല്യ നിര്‍ണയം നടത്തുന്നത്. ഇത് കാണാതെ, അനുവദിച്ച തുക സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു വച്ചിരിക്കുകയാണ്.
32 കോടി രൂപയോളമാണ് ഈ ഇനത്തില്‍ കുടിശികയായി സംസ്ഥാന സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകര്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കോളജ് അധ്യാപകന്‍ സംസ്ഥാന മന്ത്രിയായിട്ടും പോലും നിഷേധിക്കപ്പെടുകയാണ്. 2006 മുതല്‍ 2010 വരെയുള്ള കാലയളവിലെ കൂടിയ ശമ്പളം നാല് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചിട്ടും ഈ സര്‍ക്കാര്‍ നാലാം ഗഡു ഇതുവരെ നല്‍കിയിട്ടില്ല. യു.ജി.സിയുടെ ഏറ്റവും വലിയ നിര്‍ദേശമായ എയ്ഡഡ് കോളജുകളിലെ പ്രൊഫസര്‍ നിയമനം അകാരണമായി തടഞ്ഞു വച്ചതായും ഇവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജയചന്ദ്രന്‍ കീഴോത്ത്, കെ.വി ഉണ്ണികൃഷ്ണന്‍, ഡോ.ഫെഡ് മാത്യു, ഡോ.നന്ദകുമാര്‍ കോറോത്ത്, ഷിനോ പി. ജോസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."