സര്‍വകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തും: മന്ത്രി ജലീല്‍
തേഞ്ഞിപ്പലം: സ്വാശ്രയ കോളജുകളിലെ അധ്യാപകരെ സര്‍വകലാശാല അധ്യാപകരായി പരിഗണിക്കുന്നതിന് സര്‍വകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികളുടെ പരാതിയിലാണ് തീരുമാനം.സര്‍വകലാശാലക്ക് കീഴിലെ 450 കോളജുകളില്‍ 375ഉം സ്വാശ്രയ കോളജുകളാണ്. ഇതിലെ അധ്യാപകരെ നിലവില്‍ സര്‍വകലാശാല അധ്യാപകരായി പരിഗണിച്ചിരുന്നില്ല. സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ടില്‍ അധ്യാപകരുടെ വിവക്ഷയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഇതു പ്രവര്‍ത്തിച്ച് പോന്നിരുന്നത്. പരാതി ലഭിച്ച ഉടനെ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ വി.സിക്കും രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
സ്വാശ്രയ അധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം ആയി പിഎച്ച്.ഡി ചെയ്യാനുള്ള തടസവും അദാലത്തില്‍ പരിഹരിച്ചു. കാഷ്വല്‍ ലീവ് ഒരുമിച്ച് എടുക്കാനും അധ്യാപികമാര്‍ക്ക് പ്രസവാവധി അനുവദിക്കാനുമുള്ള പരാതികളിലും പരിഹാരമായി.1,062 പരാതികള്‍ അദാലത്തില്‍ ലഭിച്ചു. അതില്‍ 875 പരാതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം 130 പരാതികളാണ് പരിഗണിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി ജോര്‍ജ്കുട്ടി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ ഹനീഫ, ഡോ. സി.എല്‍ ജോഷി, ഡോ. സി.സി ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."