വെനസ്വല: അമേരിക്കയുമായി കൊമ്പുകോര്‍ത്ത് റഷ്യ
കാരക്കസ്: വെനസ്വലയിലെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയുടെ പേരില്‍ അമേരിക്കയുമായി കൊമ്പുകോര്‍ത്ത് റഷ്യ. വെനസ്വലയിലെ അമേരിക്കന്‍ ഇടപെടലിനെതിരേ രൂക്ഷമായാണ് റഷ്യ പ്രതികരിച്ചത്.
നിയപരമായി വെനസ്വലന്‍ പ്രസിഡന്റിനെ അപ്രസക്തമാക്കി സ്വയം പ്രഖ്യാപിത പ്രസിഡന്റായ പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌ദോയെ അംഗീകരിച്ച അമേരിക്കയുടെ നടപടിയെ റഷ്യ അപലപിച്ചു. വെനസ്വലയിലേക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സഹായം എത്തിക്കാന്‍ ശ്രമിച്ച നടപടി വിദേശരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ആരോപിച്ച റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, ഇവ ജനാധിപത്യവിരുദ്ധ നടപടികളാണെന്നും ചൂണ്ടിക്കാട്ടി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ലാവ്‌റോവ് വിമര്‍ശനം ഉന്നയിച്ചത്. സംഭാഷണത്തിനിടെ വിഷയത്തില്‍ അമേരിക്കയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, പ്രതിപക്ഷ നേതാവിന്റെ അനുയായികള്‍ നടത്തിയ പ്രക്ഷോഭത്തെ നേരിട്ട വെനസ്വലയുടെ ആറു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. വെനസ്വലയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റായി വാന്‍ ഗെയ്‌ദോ പ്രഖ്യാപിച്ചതു മുതല്‍ ഈ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ത്തുവരികയാണ്. .അതേസമയം, നിലവില്‍ അറസ്റ്റ് ഭീഷണിനേരിടുന്ന വാന്‍ ഗെയ്‌ദോ ഉടന്‍ തന്നെ വെനസ്വലയിലേക്കു മടങ്ങുമെന്ന് അറിയിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിവരുന്ന അദ്ദേഹം നിലവില്‍ ഇക്ക്വഡോറിലാണുള്ളത്. ഇവിടത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിവരുമെന്നാണ് അദ്ദേഹം അറിയിച്ചത്. വിദേശയാത്രാ വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ നേരിടുന്ന ഗെയ്‌ദോ തിരിച്ചെത്തിയാലുടന്‍ വെനസ്വലന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാനിടയുണ്ട്. അറസ്റ്റ് നടക്കുകയാണെങ്കില്‍ നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."