യൂറോ കപ്പ്: പോര്‍ച്ചുഗല്‍-ഫ്രാന്‍സ് ഫൈനല്‍
പാരിസ്: മത്സരത്തിലുടനീളം മികച്ചു നിന്നത് ജര്‍മനിയായിരുന്നു. പക്ഷേ ഗോളടിച്ചതും ജയിച്ചതും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതും ആതിഥേയരായ ഫ്രാന്‍സാണ്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഫ്രാന്‍സ് ജര്‍മനിയെ വീഴ്ത്തിയത്. ലോകകപ്പിന് പിന്നാലെ യൂറോ കപ്പും സ്വന്തമാക്കാമെന്ന ജര്‍മനിയുടെ കണക്കൂട്ടലുകള്‍ സെമിയില്‍ അവസാനിച്ചു. മുന്നേറ്റങ്ങള്‍ കൊണ്ടും കളി മികവ് കൊണ്ടും മുന്നില്‍ നിന്ന ജര്‍മനിക്ക് ഫിനിഷിങിലെ പിഴവുകള്‍ പുറത്തേക്ക് വഴിയൊരുക്കി. അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനെ ഫൈനലിലെത്തിച്ചത്. പോര്‍ച്ചുഗലാണ് ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളി.
നിര്‍ണായക മത്സരത്തില്‍ പ്രമുഖ താരങ്ങളുടെ പരുക്ക് ജര്‍മന്‍ നിരയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ജര്‍മനി. പരുക്കേറ്റ സ്‌ട്രൈക്കര്‍ മരിയോ ഗോമസും മധ്യനിര താരം സമി ഖദീരയും സസ്‌പെന്‍ഷനിലായ മാറ്റ് ഹമ്മല്‍സുമില്ലാതെ കളത്തിലിറങ്ങിയ ജര്‍മനിയുടെ അറ്റാക്കിങ്ങില്‍ ഒസിലും ക്രൂസും ഡ്രാക്‌സ്‌ലറുമാണ് അണിനിരന്നത്. ഫ്രാന്‍സിന്റെ അറ്റാക്കിങ് മധ്യനിര സിസോക്കോ, ഗ്രിസ്മാന്‍, ദിമിത്രി പയെറ്റ് എന്നിവരും സ്‌ട്രൈക്കറുടെ റോളില്‍ ഒളിവര്‍ ജിറൂദുമാണ് കളിച്ചത്. തുടക്കം തൊട്ട് കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ജര്‍മന്‍ ടീമിനായി. എന്നാല്‍ ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെതിരേ അണിനിരത്തിയ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ ദിമിത്രി പയെറ്റിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. പിന്നീട് ഗ്രിസ്മാന്റെ മുന്നേറ്റം ജര്‍മന്‍ ഗോളി മാനുവല്‍ നൂയര്‍ സേവ് ചെയ്തു.
എന്നാല്‍ അടുത്ത നിമിഷം തന്നെ ജര്‍മനി തിരിച്ചടിച്ചു. എംറെ കാനിന്റെ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. 11ാം മിനുട്ടില്‍ തോമസ് മുള്ളറുടെ ക്രോസില്‍ ഡ്രാക്‌സ്‌ലര്‍ക്ക് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് എത്തിപ്പിടിക്കാനായില്ല. ഒന്‍പത് മിനുട്ടിന് ശേഷം ക്രൂസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ജര്‍മനി പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തുടരെ അവസരങ്ങള്‍ ലക്ഷ്യത്തിലെത്താതായപ്പോള്‍ ജര്‍മന്‍ നായകന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റിഗര്‍ ഇടയ്ക്ക് ലോങ് റേഞ്ചറിനും ശ്രമിച്ചു. 26ാം മിനുട്ടില്‍ ഷ്വെയ്ന്‍സ്റ്റിഗറുടെ ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവയി. പിന്നീട് നിരന്തരം നീക്കങ്ങള്‍ കൊണ്ട് ഫ്രാന്‍സിന്റെ പ്രതിരോധത്തെ ജര്‍മനി പരീക്ഷിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗ്രിസ്മാന്‍ എടുത്ത കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ ഷ്വെയ്ന്‍സ്റ്റിഗര്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ടു തട്ടിയതിനു ലഭിച്ച പെനാല്‍റ്റി ഗ്രിസ്മാന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കളിക്കു വിപരീതമായി പിറന്ന ഈ ഗോള്‍ ജര്‍മനിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി.
രണ്ടാം പകുതിയില്‍ ഫ്രാന്‍സ് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കൃത്യമായ ഗെയിം പ്ലാനോടെ കളിക്കുന്നതാണു കണ്ടത്. നീക്കങ്ങള്‍ കൊണ്ട് മികച്ചു നിന്ന ജര്‍മനിക്ക് പക്ഷേ ലക്ഷ്യത്തിലേക്ക് കാര്യമായ ഷോട്ടുകളുതിര്‍ക്കാനായില്ല. 60ാം മിനുട്ടില്‍ ജര്‍മന്‍ പ്രതിരോധത്തിലെ കരുത്തുറ്റ താരം ജെറോം ബോട്ടെങ് പരുക്കേറ്റ് കളം വിട്ടതും ലോക ചാംപ്യന്‍മാര്‍ക്ക് മറ്റൊരു തിരിച്ചടിയായി.
66ാം മിനുട്ടില്‍ എംറെ കാനിന് പകരം മരിയോ ഗോഡ്‌സയെ കളത്തിലിറക്കിയിട്ടും ജര്‍മനിയ്ക്ക് ലക്ഷ്യം മാത്രം അകന്നു നിന്നു. ഒസിലും മുള്ളറും കിമ്മിച്ചും മാറി മാറി നടത്തിയ മുന്നേറ്റങ്ങള്‍ പലതും ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി മടങ്ങുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ജര്‍മനി വീണ്ടും ഗോള്‍ വഴങ്ങി. കളി തീരാന്‍ 18 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ജര്‍മനിയുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബോക്‌സിന്റെ വലത് ഭാഗത്തു നിന്ന് പോഗ്ബയടിച്ച ഷോട്ട് നൂയര്‍ സേവ് ചെയ്‌തെങ്കിലും പന്ത് ലഭിച്ച ഗ്രിസ്മാന്‍ ജര്‍മന്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു. ഈ ഗോളോടെ ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം ആറാക്കി ഉയര്‍ത്താനും ഗ്രിസ്മാന് സാധിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ഗ്രിസ്മാന്‍ തന്നെയാണ്.
അവസാന നിമിഷം ഗോളിനായി പൊരുതിയ ജര്‍മനി കിമ്മിച്ചിലൂടെ ലക്ഷ്യം നേടുമെന്ന് കരുതിയെങ്കിലും ഹ്യൂഗോ ലോറിസിന്റെ മികവ് ജര്‍മനിക്ക് ഗോള്‍ നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."