കൊതിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍
2011ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ട് ബദല്‍ പാതകള്‍ പ്രഖ്യാപിച്ചു. ചിപ്പിലിത്തോടു നിന്നു മരുതിലാവ് വഴി തളിപ്പുഴയിലേക്കുള്ള പാതയും ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി റോഡും.
നിര്‍മാണത്തിന് ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തുക കൂടി ചെയ്തതോടെ പാതകളില്‍ ഒന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനം.
ദേശീയപാത 212ല്‍ താമരശേരി ചുരത്തിലെ രണ്ടാം വളവില്‍(29-ാം മൈല്‍) ആരംഭിച്ച് തളിപ്പുഴ വഴി പൂക്കോട് ബസ്‌സ്റ്റോപ്പിന് സമീപം എത്തുന്ന ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ റോഡ് ആന്വിറ്റി സ്‌കീമില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കേന്ദ്രാനുമതി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.
14.44 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഈ പാത കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി, വയനാട്ടിലെ വൈത്തിരി പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകേണ്ടത്. രണ്ടാംവളവ് മുതല്‍ മരുതിലാവ് വരെ 5.4 കിലോമീറ്റര്‍ സ്വകാര്യഭൂമിയാണ്. ഇവിടെ നിന്ന് 3.3 കിലോമീറ്റര്‍ കോഴിക്കോട് ഡിവിഷന്‍ പരിധിയിലെ റിസര്‍വ് വനമാണ്. 8.74 കിലോമീറ്ററില്‍ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ് വൈത്തിരി പഞ്ചായത്തില്‍. ഇതില്‍ മൂന്നു കിലോമീറ്റര്‍ റിസര്‍വ് വനവും 2.6 കിലോമീറ്റര്‍ നിക്ഷിപ്ത വനവുമാണ്. പാതയില്‍ 8.940 കിലോമീറ്ററാണ് ആകെ വനഭൂമിയിലൂടെ നിര്‍മിക്കേണ്ടത്. 12 ഹെക്ടര്‍ സ്വകാര്യസ്ഥലവും റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്.
നൂലാമാലകള്‍ നിറഞ്ഞതോടെ പദ്ധതികള്‍ സര്‍ക്കാര്‍ കൈവിട്ട മട്ടാണ്. ഇതിനിടയില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയും പ്രഖ്യാപിച്ചു. തുരങ്കപ്പാതയ്ക്ക് കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.
ഭരണകൂടങ്ങളുടെ മെല്ലെപ്പോക്ക് നയങ്ങള്‍ക്ക് പുറമേ, പരിസ്ഥിതി സംഘടനകളും വനത്തിലൂടെയുള്ള റോഡ് നിര്‍മാണ പദ്ധതികള്‍ക്കെതിരേ രംഗത്തെത്തുന്നത് പദ്ധതികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."