മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഓഫിസിന് മുന്നില്‍ നടത്തിയ സമരത്തിനിടെ അമ്മ മഹിജയെയും ബന്ധുക്കളെയും മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് പത്രപരസ്യം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു.
മഹിജയെ നിലത്തിട്ട് വലിച്ചിഴച്ച പൊലിസ് നടപടിയെ ന്യായീകരിച്ച് പരസ്യം നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. മകനു നീതി ലഭിക്കാനായി അമ്മ നടത്തുന്ന സമരത്തെ അപഹസിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, മനസില്‍ ആര്‍ദ്രത അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ചെന്നിത്തല കത്തില്‍ അഭ്യര്‍ഥിച്ചു.
ജിഷ്ണുവിന്റെ അമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി നേരിട്ടുകണ്ട് ചര്‍ച്ച നടത്തി അവരുടെ ആവശ്യം അംഗീകരിക്കണം. സമരത്തെ പിന്തുണയ്ക്കാനെത്തിയതിന്റെ പേരില്‍ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഷാജഹാനെയും ഷാജര്‍ഖാനെയും അറസ്റ്റ് ചെയ്തു ജയിലടച്ചതും ഭരണാധികാരിക്ക് ചേര്‍ന്ന നടപടിയല്ല. ഇവരെ ജനങ്ങള്‍ക്ക് നന്നായി അറിയാവുന്നവരാണ്. പഠിക്കുന്ന കാലം മുതല്‍ കമ്മ്യൂണിസ്റ്റുകാരനും മുന്‍മുഖ്യമന്ത്രി വി.എസിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നയാളാണ് ഷാജഹാന്‍. ഇവരെ സമരത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ചത് ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്നും ചെന്നിത്തല കത്തില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."